‘ഇനി രഞ്ജി കളിക്കുന്നത് നിർത്തൂ, അതിൽ പ്രയോജനമില്ല’; സർഫറാസ് ഖാനെയും പുജാരയെയും മാറ്റിനിർത്തിയതിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ
text_fieldsമുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ റെക്കോഡുകൾ പലത് പിന്നിട്ടിട്ടും ദേശീയ ടീമിൽ വിളി കിട്ടാത്ത സർഫറാസ് ഖാനെയും മികച്ച ഫോം തുടരുന്ന ചേതേശ്വർ പുജാരയെയും മാറ്റിനിർത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ. വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്കുള്ള ടീം പ്രഖ്യാപനമാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ഏറ്റവും മികച്ച ശരാശരിയുള്ള താരമാണ് സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിലെ 82 ശരാശരിക്ക് മുകളിൽ വിജയ് മർച്ചന്റ് (98.35), സചിൻ ടെണ്ടുൽകർ (87.37) എന്നിവർ മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ രഞ്ജി സീസണിൽ 900ലേറെ റൺ നേടിയ ആദ്യ താരമാണ്. 2019-20 സീസണിൽ 154 ശരാശരിയിൽ 928 റൺസായിരുന്നു 25 കാരന്റെ സമ്പാദ്യം. 2021-22 സീസണിൽ നാലു സെഞ്ച്വറിയടക്കം 982 റൺസും അടിച്ചെടുത്തു. 2022-23ൽ ആറു കളികളിൽനിന്ന് 556 ആയിരുന്നു സമ്പാദ്യം. മൊത്തം 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 13 സെഞ്ച്വറികളടക്കം 79.65 ശരാശരിയിൽ 3,505 റൺസ് നേടിയിട്ടുണ്ട്. മൂന്നു സീസണിലും കത്തുന്ന പ്രകടനവുമായി തിളങ്ങിയിട്ടും ഇനിയും ദേശീയ ടീമിൽ താരം പരിഗണിക്കപ്പെട്ടിട്ടില്ല.
ജൂലൈ 12ന് കരീബിയൻ മണ്ണിൽ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ടീമിലും സർഫറാസ് പരിഗണിക്കപ്പെടാതെ വന്നതോടെയാണ് സുനിൽ ഗവാസ്കർ കടുത്ത ഭാഷയിൽ പ്രതികരണവുമായി എത്തിയത്. പുതുമുഖ താരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാൾ എന്നിവരും ടെസ്റ്റ് ടീമിലെത്തിയിട്ടുണ്ട്. ‘‘സർഫറാസ് ഖാൻ കഴിഞ്ഞ മൂന്ന് സീസണിലും 100 ശരാശരിയിൽ സ്കോർ ചെയ്യുന്ന താരമാണ്. ടീമിലെത്താൻ ഇനിയെന്താണ് അയാൾ ചെയ്യേണ്ടത്?’’- ഗവാസ്കർ ചോദിച്ചു.
‘‘അയാളുടെ പ്രകടനം അംഗീകരിക്കപ്പെടുന്നുവെന്ന് താരത്തോട് പറയുക. ഇല്ലെങ്കിൽ കളി നിർത്തട്ടെ. അതുകൊണ്ട് പ്രയോജനമില്ല. ഐ.പി.എൽ മാത്രം കളിച്ച് ടെസ്റ്റിൽ വിളി കാത്തിരിക്കുക’’- താരം പറഞ്ഞു. നാല് ഓപണർമാരെ തിരഞ്ഞെടുത്തതിനെയും ഗവാസ്കർ ചോദ്യം ചെയ്തു. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം ശുഭ്മാൻ ഗിൽ, ഗെയ്ക്വാദ്, ജയ്സ്വാൾ എന്നിവരാണ് ഓപൺ ചെയ്യാനുള്ളത്. പേസ് ആക്രമണത്തിന് പേരുകേട്ട പഴയ വിൻഡീസല്ല ഇപ്പോഴത്തേതെന്നും ചേതേശ്വർ പുജാരയെ എന്തിനാണ് ബലിയാടാക്കിയതെന്നും അദ്ദേഹം ചോദിക്കുന്നു. ലോകകപ്പിൽ പരാജയമായ മറ്റുള്ളവരെയെല്ലാം നിലനിർത്തി പുജാരയെ മാത്രം മാറ്റിനിർത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.