‘ശരിയായ കൃത്രിമമാണിത്, ഐ.സി.സി ഇടപെടണം’- നാഗ്പൂർ പിച്ചിൽ വിവാദമുയർത്തി ആസ്ട്രേലിയ
text_fieldsടെസ്റ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്കെതിരെ പൊതുവെ ഉയരുന്ന ഒന്നാണ് പിച്ച് വിവാദം. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരക്കായി ഇന്ത്യയിലെത്തിയ ആസ്ട്രേലിയ മുമ്പും സമാനമായ വിവാദങ്ങളുയർത്തുന്നതിൽ മുന്നിൽ നിന്നവരാണ്.
ആദ്യ ടെസ്റ്റ് നടക്കുന്ന നാഗ്പൂർ മൈതാനത്ത് കഴിഞ്ഞ ദിവസം മുൻനിര താരങ്ങളായ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും സന്ദർശനം നടത്തിയതും വാർത്തയായി. ‘ഉണങ്ങിയ പിച്ചാണിത്. പ്രത്യേകിച്ച് ഒരു അറ്റം. സ്പിന്നിന് അനുകൂലമാകുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് ഇടംകൈയൻ സ്പിന്നർമാർക്ക് അനുകൂലമാകും’’- എന്നായിരുന്നു സ്മിത്തിന്റെ പ്രതികരണം.
എന്നാൽ, സ്വന്തം താരങ്ങൾക്കു പാകമായി പിച്ചിൽ വേണ്ടുവോളം കൃത്രിമത്വം നടത്തുകയാണെന്നും ഐ.സി.സി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ചില ആസ്ട്രേലിയൻ ‘വിദഗ്ധർ’ രംഗത്തെത്തിയതാണ് പുതിയ വാർത്ത. ഫോക്സ് ക്രിക്കറ്റ് റിപ്പോർട്ട് പ്രകാരം നാഗ്പൂർ വിക്കറ്റിന്റെ മധ്യഭാഗം മാത്രമാണ് നനക്കുന്നതെന്നും ഇടംകൈയൻ സ്പിന്നർമാർ പന്തെറിയുന്ന ഭാഗം ഉണക്കിയിട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു. ഡേവിഡ് വാർണർ, ഉസ്മാൻ ഖ്വാജ, ട്രാവിസ് ഹെഡ് തുടങ്ങിയ ഇടംകൈയൻ ബാറ്റർമാർക്ക് കാര്യം ബുദ്ധിമുട്ടാക്കുന്നതാണ് നടപടിയെന്നാണ് ആക്ഷേപം. ആസ്ട്രേലിയൻ ബാറ്റർമാരിൽ ആറു പേരെങ്കിലും ഇടംകൈയൻമാരുണ്ടെന്നും ഇവരെ ലക്ഷ്യമിട്ടാണ് നീക്കമെന്നുമാണ് ആക്ഷേപം.
വിഷയത്തിൽ ഐ.സി.സി ഇടപെടണമെന്ന് മുൻ ഓസി താരം സൈമൺ ഒ ഡോണൽ ആവശ്യപ്പെടുന്നു. മത്സരത്തിൽ ഐ.സി.സി റഫറി വേണമെന്നും ഐ.സി.സി നിരീക്ഷണം നടത്തണമെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യയിൽ പക്ഷേ, ഇതൊന്നും പാലിക്കപ്പെടാറില്ലെന്നും കുറ്റപ്പെടുത്തി.
ഉണങ്ങിയ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നതിനാൽ ആദ്യ ഇലവനിൽ മുന്ന് സ്പിന്നർമാരെ ഇന്ത്യ ഇറക്കിയേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.