ഓർമയിൽ ധാക്കയിലെ ആറു വിക്കറ്റ്, സ്റ്റുവർട്ട് ബിന്നി വിരമിച്ചു
text_fieldsന്യൂഡൽഹി: 4.4 ഓവർ. രണ്ട് മെയ്ഡൻ. വെറും നാല് റൺസിന് ആറ് വിക്കറ്റ്...ഏകദിനത്തിൽ ഏതൊരു ബൗളറും മോഹിച്ചുപോകുന്ന ഈ പ്രകടനം ഒരിന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായി ഇന്നും റെക്കോഡ് ബുക്കിൽ സ്ഥാനചലനമില്ലാതെ നിലകൊള്ളുന്നു. ബിന്നി എന്ന ഓൾറൗണ്ടറുടേതാണ് ഈ റെക്കോഡ്. 37ാമത്തെ വയസ്സിൽ രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് സ്റ്റുവർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ഓർമയിലെത്തുന്നത് 2014 ജൂൺ 17ന് മിർപുരിലെ ഷേർ ബംഗ്ലാ നാഷനൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മാന്ത്രിക പ്രകടനമാണ്.
ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ്ങിനയച്ച ഇന്ത്യ വെറും 105 റൺസിന് എല്ലാവരും പുറത്തായി. പരാജയമല്ലാതെ മറ്റൊരു ഫലത്തിനും സാധ്യതയില്ലാത്ത മത്സരം പക്ഷേ, ഇന്ത്യ 47 റൺസിനു ജയിച്ചു. അതിനു പിന്നിൽ ബിന്നിയുടെ മായിക പ്രകടനമായിരുന്നു. ആദ്യ മൂന്നു വിക്കറ്റും വീഴ്ത്തിയത് ഒറ്റ റണ്ണുപോലും വഴങ്ങാതെ. അനിൽ കുംെബ്ല വിൻഡീസിനെതിരെ 2013ൽ നേടിയ 12 റൺസിന് ആറു വിക്കറ്റ് എന്ന റെക്കോഡാണ് ബിന്നി മാറ്റിയെഴുതിയത്. ഇന്നും ആ റെക്കോഡ് തിരുത്തലുകളില്ലാതെ നിൽക്കുന്നു. ഇന്ത്യ ആദ്യമായി ഏകദിനത്തിൽ ലോകകപ്പ് നേടിയ ടീമിലെ ഓൾറൗണ്ടറായിരുന്ന റോജർ ബിന്നിയുടെ മകന് ദൗർഭാഗ്യവശാൽ ആ പ്രകടനം തുടരാൻ കഴിഞ്ഞില്ല.
ആറു ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ട്വൻറി20യിലും ഇന്ത്യക്കായി കളിച്ച 37കാരൻ 2016ലാണ് അവസാനമായി ദേശീയ ജഴ്സിയിൽ ഇറങ്ങിയത്. പിന്നീടും ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നിവക്കൊപ്പവും കളിച്ചു. 17 വർഷത്തിനിടെ 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച് 4796 റൺസ് നേടിയിട്ടുണ്ട്. 148 വിക്കറ്റുകളും. 2013-14, 2014-15 വർഷങ്ങളിൽ രഞ്ജി ട്രോഫി കിരീടംതൊട്ട കർണാടക ടീമിൽ അവിഭാജ്യ സാന്നിധ്യമായിരുന്നു. സജീവ ക്രിക്കറ്റ് മതിയാക്കുന്നെങ്കിലും ലെവൽ 2 പരിശീലകനായി നാഷനൽ ക്രിക്കറ്റ് അക്കാദമിക്കൊപ്പമുള്ള ബിന്നിയെ ഇനി പരിശീലക വേഷത്തിലാവും കാണാനാവുക. സ്റ്റുവർട്ട് ബിന്നിയുടെ ഭാര്യ മയന്തി ലാംഗർ പ്രശസ്തയായ സ്പോർട്സ് ചാനൽ അവതാരകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.