‘വിദ്യാർഥികൾക്ക് ഫ്രീ ടിക്കറ്റ് നൽകണം’; നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ആളില്ലാ ഗാലറിയിൽ പ്രതികരണവുമായി സെവാഗ്
text_fieldsഅഹ്മദാബാദ്: ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം ഒഴിഞ്ഞ ഗാലറിയിൽ ആരംഭിച്ചതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. 1,32,000 കാണികളെ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയ ഉദ്ഘാടന മത്സരത്തിലെ ആളില്ലാ ഗാലറി ഏറെ ചർച്ചകൾക്കിടയാക്കിയ സാഹചര്യത്തിലാണ് സെവാഗ് സമൂഹ മാധ്യമാമായ എക്സിൽ കുറിപ്പുമായി എത്തിയത്.
പ്രവൃത്തി ദിനമായതിനാലാകും ആളില്ലാതായതെന്നും വൈകീട്ടോടെ സ്റ്റേഡിയത്തിൽ ആളെത്തുമെന്നാണ് പ്രതീക്ഷയെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്ന കുറിപ്പിൽ സ്റ്റേഡിയത്തിൽ ആളെ നിറക്കാനുള്ള വഴിയും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയുടേതല്ലാത്ത മത്സരങ്ങൾക്ക് സ്കൂൾ, കോളജ് കുട്ടികൾക്ക് സൗജന്യ ടിക്കറ്റ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം.
‘ഓഫിസ് സമയം കഴിഞ്ഞാൽ കൂടുതൽ ആളുകൾ വരുമെന്ന് പ്രതീക്ഷിക്കാം. ഭാരതത്തിന്റേതല്ലാത്ത മത്സരങ്ങൾക്ക് സ്കൂൾ, കോളജ് കുട്ടികൾക്ക് സൗജന്യ ടിക്കറ്റ് നൽകണം. 50 ഓവർ മത്സരത്തോടുള്ള താൽപര്യം കുറയുമ്പോൾ, യുവതക്ക് ലോകകപ്പ് മത്സരം ആസ്വദിക്കാനും കളിക്കാർക്ക് നിറഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ കളിക്കാനും ഇത് തീർച്ചയായും സഹായിക്കും’, സെവാഗ് കുറിച്ചു.
ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകര്‍ കൈയൊഴിഞ്ഞത്. ഉദ്ഘാടന മത്സരത്തിന്‍റെ 40,000 ടിക്കറ്റുകൾ ഗുജറാത്ത് ബി.ജെ.പി വാങ്ങിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഒക്ടോബർ 14ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷ. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വിൽപനക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.