സുനിൽ ഛേത്രി ബംഗളൂരുവിൽ തുടരും
text_fieldsബംഗളൂരു: സാഫ് കപ്പിൽ ലബനാനെതിരായ ഇന്ത്യയുടെ ആവേശ ജയത്തിന് പിറകെ ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറിയത് നാടകീയ നിമിഷങ്ങൾ. ഷൂട്ടൗട്ടിൽ ആദ്യ കിക്ക് തന്നെ വലയിലാക്കി ടീമിന് ആത്മവിശ്വാസമേകിയ ഛേത്രി മത്സരശേഷം ഈസ്റ്റ് ഗാലറിക്ക് നേരെ നടക്കുന്നു. ഗാലറിക്ക് പുറം തിരിഞ്ഞുനിന്ന് കൈവിടർത്തി ഛേത്രി നിൽക്കുമ്പോൾ പിറകിൽ വമ്പൻ ബാനറിൽ ഇംഗ്ലീഷിൽ ഇങ്ങനെ തെളിഞ്ഞു; ‘ഞാനെങ്ങോട്ടുമില്ല- സുനിൽ ഛേത്രി’.
ബംഗളൂരു എഫ്.സിയിൽ സുനിൽ ഛേത്രി കരാർ പുതുക്കിയെന്ന പ്രഖ്യാപനമായിരുന്നു അത്. പിന്നീട് ഗാലറിയിലെ 20,000 ത്തോളം കാണികളെ ഛേത്രി അഭിവാദ്യം ചെയ്തു. ഇന്ത്യൻ ടീമിന് പിന്തുണയേകി നോർത്ത് അപ്പർ സ്റ്റാൻഡിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഗ്രൂപ്പായ മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്കിൽ ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ടിഫോകളുമായി (ബാനർ) എത്തിയിരുന്നു. 38 കാരനായ ഛേത്രിയുടെ കരാർ എത്ര വർഷത്തേക്കാണ് പുതുക്കിയതെന്ന് വിവരം ക്ലബ് അധികൃതർ തിങ്കളാഴ്ച പുറത്തുവിട്ടേക്കും.
2013ൽ ബംഗളൂരു എഫ്.സിയുടെ പിറവി മുതൽ ടീമിന്റെ ഭാഗമാണ് ഛേത്രി. 10 സീസണുകളിലായി 259 മത്സരങ്ങളിൽനിന്ന് 115 ഗോൾ നേടി. ആറു തവണ എ.ഐ.എഫ്.എഫിന്റെ മികച്ച താരത്തിനുള്ള അവാർഡ് നേടിയതിന്റെ അപൂർവതയും ഛേത്രിക്കൊപ്പമുണ്ട്. 2013ൽ ഐ ലീഗ്, 2015, 2017 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ്, 2018- 19 സീസണിൽ ഐ.എസ്.എൽ, 2018ൽ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചു.
വമ്പൻ മത്സരങ്ങളിൽ അവസരത്തിനൊത്ത് ഉയരാനുള്ള മിടുക്കാണ് ഛേത്രിയെ വേറിട്ടുനിർത്തുന്നത്. കഴിഞ്ഞ ഐ.എസ്.എല്ലിലെ റൗണ്ട് മത്സരങ്ങളിൽ സ്കോറിങ്ങിൽ പരാജയപ്പെട്ട് പകരക്കാരന്റെ റോളിലേക്ക് ചുരുങ്ങിയ ഛേത്രിയുടെ കാലം കഴിഞ്ഞതായി പലരും വിലയിരുത്തിയെങ്കിലും അവസാന ഘട്ടത്തിലെ നിർണായക മത്സരങ്ങളിൽ സ്കോർ ചെയ്ത് ടീമിനെ ഫൈനലിലേക്ക് നയിച്ചു. സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ കുവൈത്തിനെ നേരിടാനൊരുങ്ങുമ്പോൾ ഹാട്രിക്കടക്കം അഞ്ചു ഗോളുകളുമായി ഛേത്രി തന്നെയാണ് ടൂർണമെന്റിൽ മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.