ട്വന്റി20 ലോകകപ്പിന് മുമ്പ് ഇന്ത്യ നേരിടാൻ പോകുന്ന സുപ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി ഗാവസ്കർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം യു.എ.ഇയിൽ നടന്ന ലോകകപ്പിൽ കാലിടറിയെങ്കിലും പിന്നീട് ഇന്ത്യൻ ടീം അവിശ്വസിനീയ കുതിപ്പാണ് ട്വന്റി20 ഫോർമാറ്റിൽ കാഴ്ചവെക്കുന്നത്. ഞായറാഴ്ച ശ്രീലങ്കക്കെതിരായ പരമ്പര 3-0ത്തിന് സ്വന്തമാക്കിയതോടെ തുടർച്ചയായി മൂന്ന് പരമ്പരകളാണ് ഇന്ത്യ തൂത്തുവാരിയത്.
ട്വന്റി20 ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനും ന്യൂസിലൻഡിനുമെതിരെ തോറ്റ ശേഷം തുടർച്ചയായി 12 മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്. അഫ്ഗാനിസ്താൻ, നമീബിയ, സ്കോട്‍ലൻഡ് എന്നിവരെ കൂടാതെ ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് എന്നിവർക്കെതിരെ പരമ്പര തൂത്തുവാരുകയും ചെയ്തു.
ഈ വർഷം ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിലെ ഫേവറിറ്റുകളുടെ കൂട്ടത്തിൽ ഇന്ത്യയുണ്ടെങ്കിലും കാര്യങ്ങൾ ഇങ്ങനെ പോരെന്ന അഭിപ്രായക്കാരനാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ.
ഡെത്ത്ഓവർ ബൗളർമാരുടെ കാര്യത്തിൽ ഇന്ത്യ ആശങ്കപ്പെടേണ്ട സാഹചര്യമാണിതെന്നാണ് ലിറ്റിൽ മാസ്റ്റർ അഭിപ്രായപ്പെടുന്നത്. 'ഡെത്ത്ഓവർ ബൗളർമാരുടെ കാര്യത്തിലാകും ഇന്ത്യയുടെ ആശങ്ക. ആര് ആദ്യ 10 ഓവർ എറിയണം ആര് അവസാന എട്ടോവർ എറിയണമെന്ന കാര്യത്തെ കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതുണ്ട്'-ഗാവസ്കർ സ്റ്റാർ സ്പോർട്സിൽ നടന്ന ചർച്ചയിൽ പറഞ്ഞു.
'ഇത് ആശങ്കയുടെ ലക്ഷണമല്ല, പക്ഷേ ഇത് അവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. അവസാന അഞ്ച്-ആറ് ഓവറിൽ നിങ്ങൾ ഇന്ന് കണ്ടതുപോലെ 80-90 റൺസ് നേടുന്ന കൂട്ടുകെട്ടുകൾ ഉണ്ടായേക്കാം. ദസുൻ ഷനാകയും നിസാങ്കയും ഇന്ന് ഗംഭീരമായിരുന്നു. ബുംറയ്‌ക്കെതിരായ ആ ഷോട്ട് നോക്കൂ. ബുംറയ്‌ക്കെതിരെ അടിക്കുക എളുപ്പമല്ല'-രണ്ടാം ട്വന്റി20ക്ക് ശേഷം ഗാവസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.