'ഇന്ത്യൻ ടീമിൽ വിവേചനമുണ്ട്, സംശയമെങ്കിൽ അശ്വിനോടും നടരാജനോടും ചോദിക്കൂ..'
text_fieldsന്യൂഡൽഹി: 'ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിവേചനമില്ലെന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ രവിചന്ദ്ര അശ്വിനോടും ടി. നടരാജനോടും ചോദിച്ചു നോക്കൂ... വ്യത്യസ്ത കളിക്കാർക്ക് വ്യത്യസ്ത നിയമങ്ങളാണ് ഇന്ത്യൻ ടീമിൽ...'
ഇന്ത്യൻ ക്രിക്കറ്റിന് ലോകത്തിനു മുന്നിൽ മേൽവിലാസമുണ്ടാക്കി കൊടുത്തവരിൽ മുമ്പനായ സുനിൽ ഗാവസ്കറാണ് ഈ ആരോപണവുമായി വന്നിരിക്കുന്നത്. ആസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം നിർണായക ഘട്ടത്തിൽ നിൽക്കെ ഭാര്യയുടെ പ്രസവത്തിനായി ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നാട്ടിലേക്ക് മടങ്ങാൻ ലീവ് അനുവദിച്ച ബി.സി.സി.ഐക്കു നേരേയാണ് ഗാവസ്കറിെൻറ ആക്രമണം. 'സ്പോർട്സ്റ്റാർ' മാസികയിൽ എഴുതുന്ന കോളത്തിലാണ് ഗാവസ്കർ ഇന്ത്യൻ ടീമിലെ വിവേചനത്തിനെതിരെ തുറന്നടിച്ചത്.
'ഐ.പി.എൽ പ്ലേ ഓഫ് നടക്കുമ്പോഴാണ് സൺറൈസേഴ്സിെൻറ ബൗളറും തമിഴ്നാട്ടുകാരനുമായ നടരാജന് പെൺകുഞ്ഞ് പിറന്നത്. ഇന്ത്യൻ ട്വൻറി20 ടീമിൽ സെലക്ഷൻ കിട്ടിയ അദ്ദേഹത്തെ യു.എ.ഇയിൽനിന്ന് നേരിട്ട് ആസ്ട്രേലിയൻ പര്യടനത്തിലേക്ക് കൊണ്ടുപോയി.
ഇന്ത്യക്ക് ട്വൻറി20 പരമ്പര സ്വന്തമാക്കാൻ സഹായിച്ച പ്രകടനമാണ് നടരാജൻ നടത്തിയത്. എന്നാൽ, ടെസ്റ്റ് ടീമിലില്ലാതിരുന്നിട്ടും ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പരിശീലനത്തിന് പന്തെറിയാൻ നെറ്റ് ബൗളറായി തുടരാൻ ആവശ്യപ്പെട്ടു.
ഓസീസ് പര്യടനം കഴിഞ്ഞ് ഇന്ത്യൻ ടീം നാട്ടിൽ മടങ്ങിയെത്തുന്ന ജനുവരി അവസാനത്തോടെ മാത്രമേ നടരാജന് മകളെ കാണാൻ കഴിയൂ. എന്നാൽ, ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കാര്യത്തിൽ അങ്ങനെയല്ല. ഭാര്യ അനുഷ്ക ശർമയുടെ പ്രസവ സമയത്ത് അടുത്തുണ്ടാവാനായി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ കോഹ്ലിക്ക് ബി.സി.സി.ഐ അനുമതി നൽകി. അതാണ് ഇന്ത്യൻ ക്രിക്കറ്റ്.
വ്യത്യസ്ത താരങ്ങൾക്ക് വ്യത്യസ്ത നിയമം. നിങ്ങൾക്ക് എന്നെ വിശ്വാസമില്ലെങ്കിൽ നടരാജനോടും അശ്വിനോടും ചോദിച്ചുനോക്കൂ' -ഗാവസ്കർ സ്പോർട്സ്റ്റാർ മാസികയിൽ എഴുതി.
ടീം മീറ്റിങ്ങിൽ വെട്ടിത്തുറന്ന് അഭിപ്രായങ്ങൾ പറയുന്നത് അശ്വിനെ പലർക്കും അപ്രിയനാക്കിയിട്ടുണ്ട്. അതിെൻറ പേരിൽ ടീമിൽ അശ്വിൻ വിവേചനവും അനുഭവിക്കുന്നുണ്ടെന്നും ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ഓപണറും ഇപ്പോൾ കമേൻററ്ററുമായ ഗാവസ്കർ വെട്ടിത്തുറന്നുപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.