ശുഭ്മാൻ ഗില്ലിന് പുതിയ വിളിപ്പേര് നൽകി സുനിൽ ഗവാസ്കർ; യുവതാരം പ്രതികരിച്ചത് ഇങ്ങനെ...
text_fieldsഏകദിന ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുകയാണ് യുവതാരം ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം ഇന്ത്യൻ ക്രിക്കറ്റിന് നൽകുന്നത് വലിയ പ്രതീക്ഷകളാണ്.
ഹൈദരാബാദില്‍ 149 പന്തുകളില്‍നിന്ന് 208 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏട്ടാമത്തെ താരമാണ്. ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ നേടുന്ന ഏഴാമത്തെ ഇരട്ട സെഞ്ച്വറിയും. രോഹിത് ശര്‍മ (3), സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ശ്രീലങ്കക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.
20 ഏകദിനങ്ങളിൽനിന്ന് 23കാരന്‍റെ ശരാശരി 71.38 ആണ്. ഏകദിനത്തിൽ മൂന്നു തവണയാണ് താരം മൂന്നക്കം കടന്നത്. റായ്പൂരിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ 40 റൺസുമായി പുറത്താകാതെ താരം ഇന്ത്യയുടെ പരമ്പര വിജയത്തിലും നിർണായക പങ്കുവഹിച്ചു. മത്സരത്തിനുശേഷം നടത്തിയ സംഭാഷണത്തിനിടെയാണ് ശുഭ്മാൻ ഗില്ലിന് മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ പുതിയൊരു വിളിപ്പേര് നൽകിയത്.
‘ഞാൻ നിങ്ങൾക്ക് ഒരു പുതിയ വിളിപ്പേര് നൽകുന്നു, ‘സ്മൂത്ത്മാൻ ഗിൽ’. നിങ്ങൾ കാര്യമാക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ -ഗവാസ്കർ താരത്തോട് പറഞ്ഞു. എനിക്കതൊന്നും പ്രശ്നമല്ല, സാർ എന്നായിരുന്നു താരം നൽകിയ മറുപടി. കിവീസിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ ഏകദിന ക്രിക്കറ്റിൽ 1000 റൺസ് നേട്ടത്തിലെത്തിയിരുന്നു. 19 ഇന്നിങ്സുകളിൽനിന്നാണ് താരം ആയിരം റൺസെടുക്കുന്നത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നു ഇന്ത്യൻ താരവുമായി.
വിരാട് കോഹ്ലി, ശിഖർ ധാവൻ എന്നിവരെയാണ് താരം മറികടന്നത്. ഇരുവരും 24 ഇന്നിങ്സുകളിൽനിന്നാണ് ആയിരം റൺസ് നേടിയത്. ലോക ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ്. പാകിസ്താന്‍റെ ഇമാമുൽ ഹഖും താരത്തിനൊപ്പമുണ്ട്. 18 ഇന്നിങ്സുകളിൽനിന്ന് 1000 റൺസ് നേടിയ പാകിസ്താന്‍റെ ഫഖർ സമാനാണ് പട്ടികയിൽ ഒന്നാമത്. ശുഭ്മാൻ ഗില്ലിന്‍റെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുൻ പാക് നായകൻ സൽമാൻ ബട്ട് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.