രോഹിതിനെ ഓപണിങ്ങിൽനിന്ന് മാറ്റിയത് മോശം തീരുമാനം -ഗവാസ്കർ
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമയെ ഓപണിങ്ങിൽനിന്ന് മാറ്റിയത് മോശം തീരുമാനമായിരുന്നുവെന്ന് മുൻ നായകൻ സുനിൽ ഗവാസ്കർ. ട്രെൻറ് ബോൾട്ടിെൻറ ഇൻസ്വിംഗറുകൾ ഫലപ്രദമായി നേരിടാൻ രോഹിതിന് കഴിയില്ലെന്ന വിലയിരുത്തലിലാണ് ടീം മാനേജ്മെൻറ് അത് ചെയ്തതെങ്കിൽ ഏെറക്കാലമായി വൈറ്റ്ബാൾ ക്രിക്കറ്റിൽ ഇന്ത്യക്കായി ഓപൺ ചെയ്യുന്ന താരത്തോടുള്ള അവിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. ഹിറ്റ് ഓർ മിസ് കളിക്കാരനായ ഇഷാൻ കിഷൻ കൂടുതൽ യോജിക്കുക അഞ്ച്, ആറ് സ്ഥാനങ്ങളിലാണെന്നും അങ്ങനെ ചെയ്ത് രോഹിതിനെ ഓപണറായിതന്നെ ഇറക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയം നിർണായകമായ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ എട്ടുവിക്കറ്റിന് തകർത്തുവിട്ടിരുന്നു. ആദ്യം ബാറ്റുചെയ്ത് ഇന്ത്യ ഉയർത്തിയ 110 റൺസ് 14.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കിവികൾ അനായാസം മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോട് പത്തുവിക്കറ്റിന് തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ ഇതോടെ വിദൂരമായി. ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ചാലും ന്യൂസിലാൻഡ്, അഫ്ഗാനിസ്താൻ ടീമുകളുടെ പ്രകടനം അനുസരിച്ചാവും ഇന്ത്യയുടെ സാധ്യതകൾ. ബുധനാഴ്ച അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാൻ എന്നിവരുമായുള്ള മൂന്നുമത്സരങ്ങളും വിജയിച്ച പാകിസ്താന് സ്കോട്ലൻഡ്, നമീബിയ ടീമുകളുമായാണ് ഇനി മത്സരം. അതുകൊണ്ടുതന്നെ പാകിസ്താന് അനായാസം സെമിയിലേക്ക് മുന്നേറാനാകുമെന്നാണ് കരുതുന്നത്. നിർണായക മത്സരത്തിൽ ബാറ്റിങ് നിര ഒരിക്കൽ കൂടി തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.