'നിങ്ങൾ ഒരാളെ മാത്രമാണ് നോക്കുന്നത്'; ഹർദികിന് പകരം ഈ രണ്ട് താരങ്ങൾക്ക് അവസരം കൊടുക്കണമെന്ന് ഗാവസ്കർ
text_fieldsകൊളംബോ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പേസ് ബൗളിങ് ആൾറൗണ്ടറുടെ റോളിൽ സമീപകാലത്ത് ഹർദിക് പാണ്ഡ്യക്ക് എതിരാളികൾ എതിരാളികൾ ഉണ്ടായിരുന്നില്ല. വിജയ് ശങ്കറെയും ശിവം ദുബെയെയും പരിഗണിച്ചുവെങ്കിലും ഇരുവർക്കും ഇൗ പൊസിഷനിൽ വേണ്ട വിധം തിളങ്ങാൻ സാധിക്കാത്തതും ഹർദികിന് തുണയായി. എന്നാൽ ശ്രീലങ്കക്കെതിരായ പരിമിത ഓവർ പരമ്പരയുടെ നാല് മത്സരങ്ങൾ പൂർത്തിയാകുേമ്പാൾ ഹർദികിന്‍റെ പ്രകടനം നിരാശാജനമാണെന്നേ പറയാനൊക്കൂ.
ഇൗ സാഹചര്യത്തിൽ ഒരു കളിക്കാരനെ മാത്രം നോക്കി നിൽക്കാതെ പകരക്കാരെ അന്വേഷിക്കാൻ ടീം മാനേജ്മെന്റിനെ ഉപദേശിക്കുകയാണ് മുൻ നായകൻ സുനിൽ ഗാവസ്കർ. ഓൾറൗണ്ടർ റോളിൽ പരീക്ഷിക്കാൻ രണ്ട് കളിക്കാരുടെ പേരും ഗാവസ്കർ നിർദേശിച്ചു. ദീപക് ചഹറിനെയും ഭുവനേശ്വർ കുമാറിനെയുമാണ് അദ്ദേഹം നിർദേശിച്ചത്.
'തീർച്ചയായും നമുക്ക് ബാക്കപ്പ് ഉണ്ട്. മികച്ചൊരു ഓൾറൗണ്ടറാണ് തനെന്ന് ചഹർ കഴിഞ്ഞ ദിവസം തെളിയിച്ചതാണ്. ഭുവനേശ്വറിനും നിങ്ങൾ അധികം അവസരം നൽകിയിട്ടില്ല. രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ധോണിക്കൊപ്പം അവനും ലങ്കയിൽ ഒരു മത്സരം വിജയിപ്പിച്ചിരുന്നു. രണ്ടാം ഏകദിനത്തിന് സമാനമായിരുന്നു അന്നും കാര്യങ്ങൾ. ഏഴോ എട്ടോ വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് ധോണിയും ഭുവിയും ചേർന്ന് മത്സരം വിജയിപ്പിച്ചത്' -ഗാവസ്കർ സ്പോർട്സ് തകിനോട് പറഞ്ഞു.
അർഹരായ കളിക്കാർക്ക് മതിയായ അവസരങ്ങൾ ലഭിച്ചില്ലെന്നും അതിനാലാണ് ഇന്ത്യൻ ക്രിക്കറ്റിന് ഇങ്ങനെയൊരു അവസ്ഥ വന്നെത്തിയതെന്നും ഗാവസ്കർ പറഞ്ഞു.
'ഈ രണ്ട് കളിക്കാരും ഓൾറൗണ്ടർമാരാകാം എന്ന് നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അവർക്ക് ബാറ്റിങ് കഴിവുണ്ട്. നിങ്ങൾ ഒരു കളിക്കാരനെ മാത്രമാണ് നോക്കുന്നത്. രണ്ട്-മൂന്ന് വർഷങ്ങൾക്കിടെ അർഹരായ മറ്റുള്ളവർക്ക് അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ഇപ്പോൾ നിങ്ങൾ ഒരു കളിക്കാരനെ നോക്കി 'ഓ അവൻ ഫോമിലല്ല' എന്ന് പറയുന്നത്. ഈ കളിക്കാർക്ക് അവസരങ്ങൾ നൽകുകയാണെങ്കിൽ നിങ്ങൾക്ക് ഓൾറൗണ്ടർമാരെ കണ്ടെത്താൻ കഴിയും'-ഗാവസ്കർ പറഞ്ഞു.
ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ തോൽവി ഉറപ്പിച്ചിടത്ത് നിന്നാണ് ചഹർ ഇന്ത്യക്ക് മിന്നും വിജയം സമ്മാനിച്ചത്. 82 പന്തിൽ 69 റൺസ് നേടിയാണ് അന്ന് ചഹർ താരമായത്. പരിക്കുകൾ വലച്ചെങ്കിലും വാലറ്റത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ബൗളർ എന്ന പേര് ഭുവി സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.