രഹാനെയുടെ ക്യാപ്റ്റൻസിയെ പ്രശംസിക്കില്ലെന്ന് ഗാവസ്കർ; കാരണം ഇതാണ്
text_fieldsമെൽബൺ: ആസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ആതിഥേയരെ 195 റൺസിലൊതുക്കിയതിന് പിന്നാലെ ഇന്ത്യയുടെ താൽക്കാലിക നായകൻ അജിൻക്യ രഹാനെയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ മുൻ നായകൻ സുനിൽ ഗാവസ്കർ രഹാനെയുടെ ക്യാപ്റ്റൻസി മികവിനെ പ്രകീർത്തിച്ചില്ല. അതിന് ഗാവസ്കറിന് കൃത്യമായ ഉത്തരവുമുണ്ട്.
'നമുക്ക് പെട്ടെന്ന് ഒരു നിഗമനത്തിലെത്താൻ സാധിക്കില്ല. ഞാൻ അവന്‍റെ ക്യാപ്റ്റൻസി ഗംഭീരമെന്ന് പറഞ്ഞാൽ ഞാൻ മുംബൈക്കാരനെ പിന്തുണക്കുന്നുവെന്ന വിമർശനമുയരും. മത്സരത്തിന്‍റെ ആദ്യ ദിവസങ്ങൾ ആയതിനാൽ തന്നെ എനിക്ക് അതിനോട് താൽപര്യമില്ല.' -ഗാവസ്കർ സോണി സ്പോർട്സ് നെറ്റ്വർക്കിൽ പറഞ്ഞു.
'രഹാനെ ടീമിനെ നയിച്ച രണ്ട് മത്സരങ്ങളും ഒരു ഏകദിനവും നിരീക്ഷിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് എങ്ങനെ ഫീൽഡിങ് സജ്ജീകരിക്കണമെന്ന് കൃത്യമായി അറിയാമെന്ന് മനസിലാക്കാം. ബൗളർമാർ ഫീൽഡിങ്ങിനനുസരിച്ച് പന്തെറിയുകയും വേണം. ഇന്ന് ചെയ്ത പോലെ ഫീൽഡിനനുസരിച്ച് ബൗളർമാർ പന്തെറിയുക കൂടി ചെയ്താൽ ക്യാപ്റ്റൻസി മികവുറ്റതാകും' -അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്ലി ഭാര്യയുടെ പ്രസവത്തിന്‍റെ ഭാഗമായി അവധി എടുത്തതിനെത്തുടർന്നാണ് രഹാനെ നായകനായത്. മികച്ച ഫീൽഡിങ് ഒരുക്കിയും ബൗളിങ് മാറ്റങ്ങളിലൂടെയും രഹാനെ കൈയ്യടി നേടിയിരുന്നു. വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ് എന്നീ താരങ്ങൾ രഹാനെയുടെ നായകത്വത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.