‘എന്നോടല്ല, അവനോട് ചോദിക്കൂ...’; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവിയിൽ ഇന്ത്യൻ ബാറ്റിങ്ങിനെ പരിഹസിച്ച് സുനിൽ ഗവാസ്കർ
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആസ്ട്രേലിയക്കു മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് പ്രകടനത്തെ പരിഹസിച്ച് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റണ്‍സിനാണ് ഓസീസ് സംഘം തകർത്തത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസിന് പുറത്തായി.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യ സ്കോർ ബോർഡിൽ 70 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ ശേഷിക്കുന്ന ഏഴു വിക്കറ്റുകളും വലിച്ചെറിഞ്ഞു. പ്രതീക്ഷ നൽകിയ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും വേഗത്തിൽ പുറത്തായതാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തിരിച്ചടിയായത്.
സ്കോട്ട് ബോളണ്ടിന്റെ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്. 78 പന്തുകൾ നേരിട്ട കോലി 49 റൺസെടുത്തു. കോഹ്ലിയുടെ ഷോട്ട് സെക്കൻഡ് സ്ലിപ്പിൽ നിന്ന സ്മിത്ത് ഡൈവ് ചെയ്താണ് കൈയിലൊതുക്കിയത്. നിർണായക ഘട്ടത്തിൽ അത്തരത്തിലൊരു ഷോട്ട് കളിക്കാനുള്ള കോഹ്ലിയുടെ നീക്കത്തെയും മുൻ ഇന്ത്യൻ നായകൻ ചോദ്യം ചെയ്തു.
ഇന്ത്യയുടെ ബാറ്റിങ് തകർന്നടിഞ്ഞെന്നും രണ്ടാം സെഷനിലേക്ക് മത്സരം എത്തിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നും ഗവാസ്കർ കുറ്റപ്പെടുത്തി. ‘അതൊരു മോശം ഷോട്ടായിരുന്നു; അതൊരു സാധാരണ ഷോട്ടായിരുന്നു. അവൻ അതെങ്ങനെ ചെയ്തുവെന്ന് നിങ്ങൾ എന്നോട് ചോദിക്കുന്നു. നിങ്ങൾ കോഹ്ലിയോടാണ് ചോദിക്കേണ്ടത്. എന്ത് ഷോട്ടാണ് അദ്ദേഹം കളിച്ചത്. അത്തരത്തിലൊരു ഷോട്ട് കളിച്ചാൽ നിങ്ങൾ എങ്ങനെ സെഞ്ച്വറി നേടും?’ -ഗവാസ്കർ പറഞ്ഞു.
ഇന്ത്യ ബാറ്റിങ്ങിൽ തകർന്നടിഞ്ഞു. പലരും അനാവശ്യ ഷോട്ടുകൾ കളിച്ച് പുറത്താകുകയായിരുന്നു. ആ ബാറ്റിങ് ലൈനപ്പ് വെച്ച് ഒരു സെഷൻ പോലും ഇന്ത്യക്ക് പിടിച്ചുനിൽക്കാനായില്ലെന്നും ഗവാസ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.