'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപ്പിഡ്'; ഋഷഭ് പന്തിനെ വിമർശിച്ച് ഗവാസ്കർ
text_fieldsഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ബോർഡർ-ഗവാസ്കർ ട്രോഫി നാലാം മത്സരത്തിൽ അനാവശ്യമായ ഷോട്ട് കളിച്ച് പുറത്തായതിന് ശേഷമാണ് ഋഷഭ് പന്തിനെ ഗവാസ്കർ വിമർശിച്ചത്. കമന്‍ററി ബോക്സിൽ നിന്നുമാണ് നിരുത്തരവാദപരമായ ഷോട്ട് കളിച്ച് പുറത്തായ പന്തിനെ ഗവാസകർ രൂക്ഷമായി വിമർശിക്കുന്നത്.
ടീം സ്കോർ 191ൽ നിൽക്കവെ സ്കൂപ്പിന് ശ്രമിച്ച പന്ത് തേർഡ് മാനിൽ നിൽക്കുന്ന നഥാൻ ലിയോണിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. സ്കോട്ട് ബോളണ്ടാണ് വിക്കറ്റ് നേടിയത്. 37 പന്ത് നേരിട്ട് 28 റൺസാണ് ഋഷഭ് പന്ത് നേടിയത്. ലോങ് ലെഗ്ഗിലേക്ക് സ്കൂപ്പ് ചെയ്യാനായിരുന്നു പന്ത് ശ്രമിച്ചത്, എന്നാൽ ബാറ്റിന്‍റെ ടോപ് എഡ്ജിൽ തട്ടിയ പന്ത് തേർഡ്മാനിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഈ പരമ്പരയിൽ ഒരു അർധസെഞ്ച്വറി പോലും നേടാൻ സാധിക്കാതെയാണ് പന്ത് നീങ്ങുന്നത്
'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപ്പിഡ്, നിങ്ങൾക്ക് വേണ്ടി അവിടെ രണ്ട് ഫീൽഡർമാരെ സെറ്റ് ചെയ്തിട്ടുണ്ട് എന്നിട്ടും ആ ഷോട്ട് കളിച്ചു. മുമ്പ് ഈ ഷോട്ട് മിസ്സായി, ഇപ്പോൾ കാണു നിങ്ങളെ ഡീപ് തേർഡ്മാൻ ക്യാച്ച് എടുത്തിരിക്കുകയാണ്. ഈ ഷോട്ട് കളിക്കാനുള്ള പൊസിഷനിൽ അല്ലായിരുന്നു ഇന്ത്യ, വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്.
നിങ്ങൾ സാഹചര്യങ്ങൾ മനസിലേക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ നാച്ചുറൽ ഗെയിം ആണെന്ന് പറയേണ്ട, ഇതല്ല നിങ്ങളുടെ നാച്ചുറൽ ഗെയിം. അത് ഒരു മണ്ടൻ ഷോട്ടാണ്. ഇത് നിങ്ങളുടെ ടീമിനെ തളർത്തുന്ന തരത്തിലുള്ള ഷോട്ടാണ്,' ഗവാസ്കർ പറഞ്ഞു.
അതേസമയം എട്ടാം വിക്കറ്റിൽ ഇന്ത്യക്കായി സെഞ്ച്വറി കൂട്ടുകെട്ട് നേടിക്കൊണ്ട് വാഷിങ്ടൺ സുന്ദറും നിതീഷ് കുമർ റെഡ്ഡിയും പൊരുതുന്നു. നിലവിൽ 326 റൺസാണ് സ്കോർ ബോർഡിലുള്ളത്. റെഡ്ഡി 85 റൺസും വാഷിങ്ടൺ 40 റൺസും നേടിയിട്ടുണ്ട്. രവീന്ദ്ര ജഡേജ 17 റൺസ് നേടി പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.