ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചു; കോഹ്ലിയെയും ഗംഭീറിനെയും മത്സരത്തിൽനിന്ന് വിലക്കണമെന്ന് മുൻ സൂപ്പർതാരം
text_fieldsഐ.പി.എൽ മത്സരത്തിനിടയിലും ശേഷവുമുണ്ടായ തർക്കങ്ങളുടെ പേരിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോഹ്ലിയെയും ലഖ്നോ മെന്റർ ഗൗതം ഗംഭീറിനുമെതിരെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇരുവരെയും ഏതാനും മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു.
‘ഇന്നലത്തെ മത്സരം എനിക്ക് ലൈവായി കാണാനായില്ല. കുറച്ച് മുമ്പ് മാത്രമാണ് ഞാൻ അതിന്‍റെ വിഡിയോ കണ്ടത്. ഈ കാര്യങ്ങൾ ഒരിക്കലും നല്ലതല്ല. 100 ശതമാനം മാച്ച് ഫീ എന്താണ്? 17 കോടിയാണ് ആർ.സി.ബി കോഹ്ലിക്ക് നൽകുന്നത്. അതായത് സെമി ഫൈനൽ, ഫൈനൽ ഉൾപ്പെടെ 16 മത്സരങ്ങൾക്ക് 17 കോടി. അപ്പോൾ നിങ്ങൾ പറയുന്നത് ഒരു കോടി രൂപയെ കുറിച്ചാണ്. കോഹ്ലിക്ക് ഒരു കോടിയോ, അതിലധികോ പിഴ ചുമത്തുമോ? അങ്ങനെയെങ്കിൽ, അത് വളരെ കഠിനമായ പിഴയാണ്’ -ഗവാസ്കർ സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ പറഞ്ഞു.
‘ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന പക്ഷക്കാരനാണ് ഞാൻ. 10 വർഷം മുമ്പ് ഹർഭജനും ശ്രീശാന്തിനും സംഭവിച്ചതുപോലെ, നിങ്ങൾ അവരോട് മാറിനിൽക്കാൻ ആവശ്യപ്പെടണം. ഒന്നുരണ്ടു മത്സരങ്ങൾ. ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. അത് കഠിനമാകണം’ -ഗവാസ്കർ കൂട്ടിച്ചേർത്തു. ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കോഹ്ലിക്കും ഗംഭീറിനുമെതിരെ സംഘാടകർ നടപടിയെടുത്തിരുന്നു.
ഇരുവരും മാച്ച് ഫീസ് പൂർണമായും പിഴയായി അടക്കേണ്ടിവരും. ലഖ്നോ ബാറ്റിങ്ങിനിടെ 17ാം ഓവറിലാണ് കോഹ്ലിലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ മത്സരശേഷം പരസ്പരം കൈകൊടുക്കുമ്പോഴും കോഹ്ലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ടീം മെന്ററായ ഗൗതം ഗംഭീറും ഇടപെട്ടു. തുടർന്ന് കോഹ്ലിയും ഗംഭീറും തമ്മിലായി വാക്കുതർക്കം. ഒടുവിൽ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 18 റൺസിന് ബാംഗ്ലൂർ തോൽപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.