അശ്ലീല പരാമർശ വിവാദം: ഗാവസ്കറിന് പിന്തുണയുമായി മകൻ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്ക ശർമയെയും പറ്റി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ഈ വിഷയത്തിൽ പിതാവിന് പിന്തുണയുമായി ഗാവസ്കറിൻെറ മകൻ രോഹൻ ഗാവസ്കർ രംഗത്തെത്തി.
ലോക്ഡൗൺ കാലത്ത് അനുഷ്കയുടെ ബൗളിങ്ങുകൾ മാത്രമാണ് കോഹ്ലി നേരിട്ടതെന്നായിരുന്നു കമൻററി ബോക്സിൽ നിന്നും ഗവാസ്കറിൻെറ പരാമർശം. ഇതിന് പിന്നാലെ കോഹ്ലിയുടെ മോശം പ്രകടനത്തിൻെറ പേരിൽ തന്നെ എന്തിനാണ് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബോളിവുഡ് താരം കൂടിയായ അനുഷ്ക ചോദിച്ചിരുന്നു.
എന്നാൽ, പിതാവിൻെറ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടത് എങ്ങനയെന്ന് പരോക്ഷമായി വിശദീകരിക്കുന്ന ഒരു ചിത്രമാണ് ഐ.പി.എൽ കമൻററി പാനൽ അംഗം കൂടിയായ രോഹൻ പങ്കുവെച്ചത്. കൈകൂപ്പിക്കൊണ്ടുള്ള സ്മൈലി പങ്കുവെച്ച രോഹൻ അനാവശ്യ വിവാദങ്ങളോടുള്ള അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
' ഐ ലവ് ചോലോകേറ്റ് -ഇത് വീണ്ടും വായിച്ചാൽ നിങ്ങൾ പരീക്ഷയിൽ പരാജയപ്പെടാനുള്ള കാരണം വ്യക്തമാകും' -എന്നായിരുന്നു ട്വീറ്റിലെ ചിത്രത്തിലെ ഉള്ളടക്കം. 'ചോലോകേറ്റ്' എന്നത് പലരും 'ചോക്ലേറ്റ്' എന്ന് തെറ്റി വായിക്കുന്നത് പോലെ പിതാവിൻറ കമൻററിയെ അനുഷ്ക തെറ്റി വായിച്ചതാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു രോഹൻ എന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
പഞ്ചാബിനെതിരായ മത്സരത്തിൽ സെഞ്ച്വറിക്കരികിൽ കെ.എൽ. രാഹുലിൻെറ രണ്ട് ക്യാച്ചുകൾ കളഞ്ഞുകുളിച്ചതിന് പുറമെ അഞ്ച് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഇതോടെയാണ് കമൻററി ബോക്സിലുണ്ടായിരുന്ന ഗാവസ്കർ കോഹ്ലിയെ വിമർശിച്ചത്.
കഴിഞ്ഞ മേയിൽ കോഹ്ലിയും അനുഷ്കയും പങ്കുവെച്ച വൈറൽ വിഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ഗാവസ്കറിൻെറ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അശ്ലീല ചുവയോടുള്ള പരാമർശമാണിതെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, ഞാൻ അനുഷ്കയെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ഗവാസ്‌കർ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'ഒന്നാമതായി, ഞാൻ അനുഷ്കയെ എവിടെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ഞാൻ അവളെ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. അവൾ കോഹ്ലിക്ക് പന്തെറിയുന്ന വിഡിയോ കണ്ടിരുന്നുെവന്ന് മാത്രമാണ് ഞാൻ പറയുന്നത്. ലോക്ഡൗൺ കാലയളവിൽ കോഹ്ലി അത്തരം ബൗളിങ് മാത്രമാണ് നേരിട്ടിട്ടുള്ളതെന്നാണ് ഉദ്ദേശിച്ചത്. ലോക്ഡൗൺ സമയത്ത് നേരംപോക്കായുള്ള ടെന്നീസ് ബാൾ മത്സരം മാത്രമായിരുന്നുവത്. ഇതിൽ കോഹ്ലിയുടെ പരാജയങ്ങൾക്ക് ഞാൻ അവളെ എവിടെയാണ് കുറ്റപ്പെടുത്തുന്നത് -ഗവാസ്‌കർ പറഞ്ഞു.
അശ്ലീല ചുവയുള്ള വാക്കുകളാണ് ഉപയോഗിച്ചതെന്ന സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങളെയും ഗവാസ്‌കർ പുച്ഛിച്ച് തള്ളി. 'വിദേശ പര്യടനങ്ങളിൽ ഭർത്താക്കന്മാർക്കൊപ്പം ഭാര്യമാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നയാളാണ് ഞാൻ.
സ്ഥിരമായി ഓഫിസിലേക്ക് പോകുന്ന ഒരു സാധാരണക്കാരൻ, ജോലി കഴിഞ്ഞ് ഭാര്യയുടെ അടുത്തേക്കാണ് മടങ്ങിയെത്തുന്നത്. അതുപോലെ തന്നെ ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ ഭാര്യമാരെ കൂടെ കൊണ്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എല്ലായ്പ്പോഴും പറഞ്ഞയാളാണ് ഞാൻ' -ഗവാസ്‌കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.