ജയ്പൂർ ട്രാഫിക്കിൽ കുടുങ്ങി മുംബൈ ഇന്ത്യൻസ്; 'സണ്ണി ഭായി' രക്ഷകനായെത്തി, വിഡിയോ പങ്കുവെച്ച് ടീം
text_fieldsരാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിലേക്ക് വരികയായിരുന്ന മുംബൈ ഇന്ത്യൻസിന്‍റെ ടീം ബസ് ജയ്പൂരിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. മുന്നോട്ടുപോകാനാവാതെ പ്രയാസപ്പെട്ട ബസിന് മുന്നിൽ കുരുക്കഴിച്ചുകൊണ്ട് ഒരാളെത്തി. ഏഴാം നമ്പർ ജേഴ്സി ധരിച്ച 'സണ്ണി ഭായി'. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ടീം.
ഇന്നലെ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിലായിരുന്നു രാജസ്ഥാൻ റോയൽസിനെതിരായ മുംബൈയുടെ മത്സരം. തലേദിവസം സ്റ്റേഡിയത്തിലേക്ക് പോകുംവഴിയാണ് ടീം ബസ് ഗതാഗതക്കുരുക്കിൽ പെട്ടത്. എന്നാൽ, ബൈക്ക് യാത്രികനായ ഒരാൾ റോഡിലേക്കിറങ്ങി വാഹനങ്ങൾ മാറ്റുകയും ടീം ബസിന് വഴിയൊരുക്കുകയുമായിരുന്നു. 'സണ്ണി' എന്ന് പേരെഴുതിയ ഏഴാം നമ്പർ ജേഴ്സി ധരിച്ചയാളാണ് ബസിന് വഴിയൊരുക്കിയത്.
'സണ്ണി ഭായി ഹൃദയങ്ങൾ കീഴടക്കി' എന്ന അടിക്കുറിപ്പോടെയാണ് മുംബൈ ഇന്ത്യൻസ് സംഭവത്തിന്‍റെ വിഡിയോ പങ്കുവെച്ചത്. യുവാവിന്‍റെ പ്രവൃത്തിക്ക് താരങ്ങൾ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം, ഇന്നലത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഒമ്പത് വിക്കറ്റിന് മുംബൈയെ പരാജയപ്പെടുത്തി. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു. വെടിക്കെട്ട് സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ മുന്നിൽ നിന്ന് നയിച്ചത്.
60 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാൾ ഏഴു സിക്സും ഒൻപത് ഫോറുമുൾപ്പെടെ പുറത്താകാതെ 104 റൺസെടുത്തു. 35 റൺസെടുത്ത ഓപണർ ജോസ് ബട്ട്ലറും പുറത്താകാതെ 38 റൺസെടുത്ത നായകൻ സഞ്ജു സാംസണും മികച്ച പിന്തുണയേകി. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റ് നേടിയ രാജസ്ഥാൻ പേസർ സന്ദീപ് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.