ബൗളർമാരും ബെയർസ്റ്റോയും തകർത്തു; ആദ്യജയത്തിലേക്ക് ഉദിച്ചുയർന്ന് സൺറൈസേഴ്സ്
text_fieldsചെന്നൈ: ആദ്യം ബൗളർമാരുടെ കൂട്ടായ തിളക്കം. പിന്നാലെ, ജോണി ബെയർസ്റ്റോയുടെ അപരാജിത പ്രഹരം. പഞ്ചാബ് കിങ്സിന്റെ വമ്പിനെ ഒമ്പതു വിക്കറ്റിന് തകർക്കാൻ ബൗളിങ്ങും ബാറ്റിങ്ങും ഒരുപോലെ കൂട്ടുനിന്നപ്പോൾ ഐ.പി.എൽ 14ാം സീസണിൽ സൺറൈസഴ്സ് ഹൈദരാബാദിന് ആദ്യജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിനെ 19.4 ഓവറിൽ 120 റൺസിന് ഒാൾഒൗട്ടാക്കിയ സൺറൈസഴ്സ് 18.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
56 പന്തിൽ മൂന്നു വീതം ഫോറും സിക്സുമടക്കം പുറത്താകാതെ 63 റൺസെടുത്ത ബെയർസ്റ്റോയാണ് ഹൈദാരാബാദ് ഇന്നിങ്സിനെ ലക്ഷ്യത്തിലേക്ക് നയിച്ചത്. 37പന്തിൽ മൂന്നു േഫാറും ഒരു സിക്സും ഉൾപെടെ 37റൺസെടുത്ത ഡേവിഡ് വാർണറും തിളങ്ങി. ഒന്നാം വിക്കറ്റിൽ ബെയർസ്റ്റോ-വാർണർ സഖ്യം ജാഗ്രതയോടെ 73 റൺസ് ചേർത്തപ്പോൾ സൺറൈസേഴ്സിന് കാര്യങ്ങൾ എളുപ്പമായി. 19 പന്തിൽ പുറത്താകാതെ 16 റൺസെടുത്ത കെയ്ൻ വില്യംസണായിരുന്നു വിജയലക്ഷ്യം നേടുേമ്പാൾ ബെയർസ്റ്റോക്കൊപ്പം ക്രീസിൽ.
നേരത്തേ, നാലോവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഖലീൽ അഹ്മദും രണ്ടു വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശർമയുമാണ് പഞ്ചാബ് ഇന്നിങ്സിന്റെ നടുവൊടിച്ചത്. ഓരോവിക്കറ്റ് വീഴ്ത്തിയ ഭുവേനശ്വർ കുമാർ, സിദ്ധാർഥ് കൗൾ, റാഷിദ് ഖാൻ എന്നിവർ മികച്ച പിന്തുണ നൽകി.
ഷാറൂഖ് ഖാൻ (17 പന്തിൽ 22), മായങ്ക് അഗർവാൾ (25പന്തിൽ 22), ക്രിസ് ഗെയ്ൽ (17 പന്തിൽ 15), മോയിസസ് ഹെന്‍റിക്വസ് (17പന്തിൽ 14), ദീപക് ഹൂഡ (11പന്തിൽ 13) എന്നിവർ മാത്രമാണ് പഞ്ചാബ നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (നാല്), നിക്കോളാസ് പൂരാൻ (പൂജ്യം), ഫാബിയൻ അലെൻ (ആറ്), മുരുഗൻ അശ്വിൻ (ഒമ്പത്), മുഹമ്മദ് ഷമി (മൂന്ന്) എന്നിവർ എളുപ്പം പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.