പരിശീലനത്തിന് ഇറങ്ങാതെ ഹൈദരാബാദ്! ഫൈനലിൽ കൊൽക്കത്തക്കെതിരെ നേരിട്ട് കളത്തിലേക്ക്...
text_fieldsചെന്നൈ: ഐ.പി.എൽ 2024ന്‍റെ കലാശക്കളിയിൽ ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ലീഗ് റൗണ്ടിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ വന്നവരാണ് ഇരുവരും.
വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഓറഞ്ച് പട ഫൈനലിലെത്തിയത്. ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയോട് എട്ടു വിക്കറ്റിനാണ് പാറ്റ് കമ്മിൻസും സംഘവും പരാജയപ്പെട്ടത്. അതുകൊണ്ടു തന്നെ ഫൈനലിന് തയാറെടുക്കാൻ ടീമിന് ലഭിച്ച ദിവസമായിരുന്നു ശനിയാഴ്ച. എന്നാൽ, ടീം പരിശീലന സെഷനുവരെ ഇറങ്ങിയില്ല. നേരിട്ട് ഫൈനൽ പോരിനിറങ്ങാനാണ് ടീമിന്‍റെ തീരുമാനം. ചെന്നൈയിലെ പൊള്ളുന്ന ചൂട് കാരണമാണ് താരങ്ങൾക്ക് ഫൈനലിന് മുമ്പ് വിശ്രമം അനുവദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊൽക്കത്ത അവസാനമായി ഐ.പി.എല്ലിൽ ഒരു മത്സരം കളിച്ചത്. അതുകൊണ്ടു തന്നെ ഫൈനലിന് തയാറെടുക്കാൻ ടീമിന് ആവശ്യത്തിലധികം സമയവും ലഭിച്ചു. വെള്ളിയാഴ്ച പരിശീലനത്തിന് ഇറങ്ങിയ ടീം, ശനിയാഴ്ച വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലൽ നെറ്റിലും പരിശീലനം നടത്തുന്നുണ്ട്. കൊൽക്കത്തയുടെ ലീഗിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയുമായിരുന്നു മത്സരങ്ങൾ.
മത്സരങ്ങൾക്കിടയിൽ വലിയ ഇടവേള വന്നതോടെയാണ് ടീം പരിശീലന സെഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാത്രി 7.30നാണ് ഫൈനൽ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.