ശാർദുൽ ഠാക്കൂറിന് നാല് വിക്കറ്റ്; സൺറൈസേഴ്സിനെതിരെ സൂപ്പർ ജയന്റ്സിന് 191 റൺസ് വിജയലക്ഷ്യം
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലഖ്നോ സൂപ്പർ ജയന്റ്സിന് 191 റൺസ് വിജയലക്ഷ്യം. 47 റൺസ് നേടിയ ട്രാവിസ് ഹെഡാണ് സൺറൈസേഴ്സിന്‍റെ ടോപ് സ്കോറർ. ലഖ്നോവിനായി ശാർദുൽ ഠാക്കൂർ നാല് വിക്കറ്റ് സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് ടീം 190 റൺസ് നേടിയത്.
ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത സൂപ്പർ ജയന്‍റ്സിന്‍റെ തീരുമാനത്തെ ശരിവെക്കുന്ന തുടക്കമാണ് അവർക്ക് ലഭിച്ചത്. ശാർദുൽ ഠാക്കൂർ എറിഞ്ഞ ആദ്യ ഓവറിൽ ആറ് റൺസ് മാത്രമാണ് പിറന്നത്. സ്കോർ ബോർഡിൽ 15 റൺസ് ചേർക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ സൺറൈസേഴ്സിന് നഷ്ടമായി. അഭിഷേക് ശർമ ആറ് റൺസെടുത്തപ്പോൾ നേരിട്ട ആദ്യ പന്തിൽ സംപൂജ്യനായാണ് കഴിഞ്ഞ മത്സരത്തിൽ ടോപ് സ്കോററായ ഇഷാൻ കിഷൻ മടങ്ങിയത്. ഇരുവരെയും തുടർച്ചയായ പന്തുകളിൽ ശാർദുൽ ഠാക്കൂറാണ് മടക്കിയത്.
ട്രാവിസ് ഹെഡും നിതീഷ് കുമാറും ചേർന്ന് എസ്.ആർ.എച്ചിന്‍റെ സ്കോറുയർത്തി. സ്കോർ 76ൽ നിൽക്കേ ഹെഡിനെ പ്രിൻസ് യാദവ് ക്ലീൻ ബൗൾഡാക്കി. 28 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 47 റൺസാണ് താരം അടിച്ചെടുത്തത്. മധ്യനിരയിൽ നിതീഷ് കുമാറിനൊപ്പം (32), ഹെയ്ൻറിച് ക്ലാസൻ (17 പന്തിൽ 26), അനികേത് വർമ (13 പന്തിൽ 36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ സൺറൈസേഴ്സ് 150 പിന്നിട്ടു. ക്യാപ്റ്റൻ പാറ്റ് കമിൻസ് (18) നേരിട്ട ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് എൽ.എസ്.ജിയെ ഞെട്ടിച്ചു. എന്നാൽ നാലാം പന്തിൽ ആവേശ് ഖാന് വിക്കറ്റ് സമ്മാനിച്ച് കൂടാരം കയറി.
അഭിനവ് മനോഹർ (രണ്ട്), ഹർഷൽ പട്ടേൽ (12*), മുഹമ്മദ് ഷമി (ഒന്ന്), സിമർജീത് സിങ് (മൂന്ന്*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ലഖ്നോവിനായി ശാർദുൽ ഠാക്കൂർ നാല് വിക്കറ്റ് പിഴുതു. ആവേശ് ഖാൻ, ദിഗ്വേഷ് റാഠി, രവി ബിഷ്ണോയ്, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.