സിക്സ് അടിക്കുന്നതിനിടെ രാഹുൽ ത്രിപതിക്ക് പരിക്ക്; വീഡിയോ വൈറൽ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സിക്സ് അടിച്ചതിന് പിന്നാലെ നിലതെറ്റി വീണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ രാഹുൽ ത്രിപതിക്ക് പരിക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാഹുൽ തേവാത്തിയയെ ലോങ് ഓഫിലൂടെ സിക്സർ പറത്തിയ ശേഷമായിരുന്നു ത്രിപതിയുടെ വീഴ്ച്. സൺറൈസേഴ്സ് ഇന്നിങ്സിന്റെ 14ാം ഓവറിലായിരുന്നു സംഭവം.
പരിക്കേറ്റതിനെ തുടർന്ന് ബാറ്റിങ് തുടരാൻ സാധിക്കാത്തതിനെ തുടർന്ന് ത്രിപതി (11പന്തിൽ 17) റിട്ടയർഡ് ഹർട്ടായി മടങ്ങി. നികോളസ് പുരാൻ താരത്തിന് പകരം കളത്തിലെത്തി. പരിക്ക് സാരമല്ലെന്നും അടുത്ത മത്സരത്തിന് മുമ്പ് ത്രിപതി തിരിച്ചെത്തുമെന്നും ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ പ്രത്യാശ പ്രകടിപ്പിച്ചു.
ത്രിപതിയുടെ അഭാവം ഹൈദരാബാദിന്റെ മത്സരഫലത്തെ ബാധിച്ചില്ല. എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് ഗുജറാത്തിനെ തകർത്തത്. ഗുജറാത്തിന്റെ ആദ്യ തോൽവിയാണിത്. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ മറികടന്നു. നായകൻ കെയ്ൻ വില്യംസൺ (57), അഭിഷേക് ശർമ (42) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ സഹായിച്ചത്. നിക്കോളാസ് പുരാൻ (34*), ഐദൻ മക്രം (12) എന്നിവരും മികച്ച പിന്തുണയേകി.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 42 പന്തിൽ പുറത്താവാതെ 50 റൺസടിച്ച നായകൻ ഹർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ്സ്കോറർ. 21 പന്തിൽ 35 റൺസെടുത്ത അഭിനവ് മനോഹർ പിന്തുണ നൽകി. മാത്യു വെയ്ഡ് (19), ഡേവിഡ് മില്ലർ (12), സായ് സുദർശൻ (11), ശുഭ്മൻ ഗിൽ (7), രാഹുൽ തേവാത്തിയ (6) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ.
ഇടക്കിടെ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്ന ഗുജറാത്തിനായി അഞ്ചാം വിക്കറ്റിൽ 32 പന്തിൽ 50 റൺസ് ചേർത്ത ഹർദികും മനോഹറുമാണ് സ്കോർ 150 കടത്തിയത്. ഒരു സിക്സും നാലു ഫോറുമടങ്ങിയതായിരുന്നു ഹർദികിന്റെ ഇന്നിങ്സ്.
ഒരു സിക്സും അഞ്ചു ഫോറും പായിച്ച മനോഹറിന് മൂന്നു വട്ടമാണ് ഹൈദരാബാദ് ഫീൽഡർമാർ ജീവൻ നൽകിയത്. എയ്ഡൻ മാർക്രമും രാഹുൽ ത്രിപതിയും അനായാസ ക്യാച്ചുകൾ കൈവിട്ടപ്പോൾ ഭുവനേശ്വർ സ്വന്തം ബൗളിങ്ങിൽ പ്രയാസമേറിയ അവസരവും പാഴാക്കി.
ഒടുവിൽ ത്രിപതി തന്നെയാണ് മികച്ച ക്യാച്ചിലൂടെ മനോഹറിനെ മടക്കിയത്. നേരത്തേ, ഗില്ലിനെ പുറത്താക്കാൻ ത്രിപതി ഒറ്റക്കൈ കൊണ്ടെടുത്ത ക്യാച്ചും മനോഹരമായിരുന്നു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ടി. നടരാജനും ഭുവനേശ്വർ കുമാറുമാണ് ഹൈദരാബാദ് ബൗളർമാരിൽ തിളങ്ങിയത്. മാർകോ ജാൻസെനും ഉംറാൻ മാലികും ഓരോ വിക്കറ്റ് വീതമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.