'അവന് ഇനിയും ക്യാപ്റ്റൻസി പാഠങ്ങൾ ആവശ്യമുണ്ട്, ധോണി ഒരു സീസൺ കൂടി കളിക്കട്ടെ'; ധോണിയുടെ ഭാവിയെ കുറിച്ച് സുരേഷ് റെയ്ന
text_fields2025 ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പിലാണ് ഐ.പി.എൽ ടീമുടമകളും ക്രിക്കറ്റ് ആരാധകരും. ഇത്തവണത്തെ താരലേലവും നിലനിർത്തൽ നിയമവും എങ്ങനെയാകുമെന്ന് അറിയാനുള്ള ആവേശവും ക്രിക്കറ്റ് ആരാധകരിലുണ്ട്. മുൻ ഇന്ത്യൻ സൂപ്പർ താരമായ എം.എസ്. ധോണി ഐ.പി.എല്ലിൽ കളിക്കുമോ എന്നുള്ള വലിയ ചോദ്യവും ക്രിക്കറ്റ് ആരാധകരിൽ നിലനിൽക്കുന്നുണ്ട്.
പുതിയ റിട്ടൻഷൻ നിയമപ്രകാരം ധോണി സി.എസ്.കെക്ക് വേണ്ടി തന്നെ കളിക്കുമെന്നും ഇല്ലെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ഊഹാപോഹങ്ങളെല്ലാം നിലനിൽക്കുമ്പോൾ തന്നെ ധോണി ഒരു സീസൺ കുടി കളിക്കണമെന്ന് പറയുകയാണ് മുൻ സി.എസ്.കെ താരമായ സുരേഷ് റെയ്ന. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഒരുപാട് മത്സരത്തിൽ കളിച്ച റെയ്ന ഇന്ത്യൻ ടീമിലും ധോണിയുടെ വിശ്വസ്തനായിരുന്നു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കാരണം ധോണിക്ക് ഒരു സീസണിൽ കുടി കളിക്കാൻ സാധിക്കുമെന്നാണ് റെയ്ന പറയുന്നത്. സി.എസ്.കെയുടെ പുതിയ നായകൻ ഋതുരാജ് ഗെയ്ക്വാദിന് ധോണിയുണ്ടെങ്കിൽ ക്യാപ്റ്റൻസി പാഠങ്ങൾ പഠിക്കാമെന്നും റെയ്ന അഭിപ്രായപ്പെട്ടു.
' ധോണി അടുത്ത സീസണിലും കളിക്കണമെന്നാണ് എന്‍റെ അഭിപ്രായം. കഴിഞ്ഞ വർഷത്തെ ബാറ്റിങ് കണ്ടത് വെച്ചാണ് ഞാൻ പറയുന്നത്. എനിക്ക് തോന്നുന്നു ഋതുരാജിന് ഒരു വർഷം കൂടി ധോണിയുടെ ആവശ്യമുണ്ടെന്നാണ്. അവൻ മോശമല്ലാതെ തന്നെ ടീമിനെ നയിച്ചിരുന്നു എന്നാൽ ആർ.സി.ബിക്കെതിരെയുള്ള അവസാന മത്സരത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു,' റെയ്ന പറഞ്ഞു.
ധോണി സി.എസ്.കെയിൽ തന്നെ കളിക്കാനായി പഴയ റിട്ടെൻഷൻ നിയമം പൊടിതട്ടിയെടുക്കാൻ സി.എസ്.കെ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 2021 വരെ നിലനിന്ന ഈ നിയമപ്രകാരം അഞ്ച് വർഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരമാണെങ്കിൽ ആ താരത്തെ അൺക്യാപ്ഡ് ആക്കാം. ധോണിയെ അൺക്യാപ്ഡാക്കിയിൽ അദ്ദേഹത്തിന്‍റെ അടിസ്ഥാന വില കുറയുകയും ആ വിലക്ക് സി.എസ്.കെക്ക് ധോണിയെ സ്വന്തമാക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.