ധോണിക്കൊപ്പം റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
text_fieldsക്യാപ്റ്റൻ കൂൾ എം.എസ് ധോണി വിരമിക്കൽ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളിൽ സഹതാരം സുരേഷ് റെയ്നയും അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി. ധോണിയെപോലെതന്നെ സമൂഹ മാധ്യമത്തിലൂടെയാണ് താരവും അന്താരാഷ്ട്ര കിക്കറ്റിൽ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ചത്. ഐ.പി.എല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ക്യാമ്പിനായി ചെന്നൈയിലാണ് ഇരുവരും. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന കരിയറിനാണ് ധോണിക്കൊപ്പം റെയ്നയും ഇതോടെ തിരശീലയിട്ടത്.
2005 ജൂലൈയിൽ ശ്രീലങ്കയ്‍ക്കെതിരെ ധാംബുള്ളയിൽ ഏകദിന അരങ്ങേറ്റം കുറിച്ച റെയ്ന, 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2018 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് റെയ്ന അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2019 ആഗസ്റ്റിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് റെയ്ന ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇന്ത്യക്ക് വേണ്ടി 226 ഏകദിനങ്ങളും 78 ടി20യും 18 ടെസ്റ്റുകളുമാണ് ഇതുവരെ കളിച്ചത്. ടീമിൽ നിന്നും പുറത്തുപോയതിന് പിന്നാലെ 2018-19 സീസണിൽ അഞ്ച് രഞ്ജി മത്സരങ്ങൾ താരം റെയ്ന കളിച്ചിരുന്നു. അതിൽ രണ്ട് അർധ സെഞ്ച്വറികൾ അടക്കം 243 റൺസെടുത്തിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 17 മാച്ചുകളിലായി 243 റൺസും താരം അടിച്ചുകൂട്ടിയിരുന്നു.
രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ചു വർഷങ്ങൾക്കുശേഷമായിരുന്നു 2010 ജൂലൈയിൽ ശ്രീലങ്കക്കെതിരെ റെയ്നയുടെ ടെസ്റ്റ് അരങ്ങേറ്റം. 2015 ജനുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു അവസാന ടെസ്റ്റ്. ഇതിനിടെ 18 ടെസ്റ്റുകളിൽനിന്ന് 26.48 ശരാശരിയിൽ 768 റൺസ് നേടി. ഇതിൽ ഒരു സെഞ്ച്വറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 120 റൺസാണ് ഉയർന്ന സ്കോർ. 13 വിക്കറ്റുകളും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.