ചെന്നൈക്ക് വീണ്ടും തിരിച്ചടി; സുരേഷ് റെയ്ന ഐ.പി.എല്ലിൽനിന്ന് പിൻമാറി
text_fieldsചെന്നൈ: ഐ.പി.എല്ലിനായി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. തങ്ങളുടെ സൂപ്പർ താരം സുരേഷ് റെയ്ന ടൂർണമെൻറിൽനിന്ന് പിൻമാറി ഇന്ത്യയിലേക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിൻെറ പിൻമാറ്റമെന്ന് ചെന്നൈ അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുമെന്നും ടീം സി.ഇ.ഒ കെ.എസ്. വിശ്വനാഥൻ അറിയിച്ചു.
ആഗസ്റ്റ് 21നാണ് ചെന്നൈ ടീം ദുബൈയിലെത്തിയത്. വിമാനം കയറുന്നതിൻെറ ദിവസങ്ങൾക്ക് മുമ്പ് സുരേഷ് റെയ്ന ക്യാപ്റ്റനും സഹതാരവുമായ ധോണിയോടൊപ്പം ഇന്ത്യൻ ടീമിൽനിന്ന് വിരമിച്ചിരുന്നു. ദുബൈയിൽ എത്തിയശേഷം ടീം ക്വാറൻറീനിൽ കഴിയുകയായിരുന്നു. ഈ കാലയളവിലും റൂമിൽ പരിശീലനം നടത്തുന്ന വിഡിയോകൾ റെയ്ന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിന്നു.
ഇതിനിടയിലാണ് കഴിഞ്ഞദിവസം ടീമിലെ ഫാസ്റ്റ് ബൗളർക്കും 12 സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിൻെറ ക്വാറൻറീൻ സെപ്റ്റംബർ ഒന്ന് വരെ നീട്ടുകയുണ്ടായി. ഇന്ത്യൻ താരം ദീപക് ചഹാറിനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹം റെയ്നയുടെയും മറ്റു താരങ്ങളുടെയും കൂടെ മാസ്ക്കിടാതെ നിൽക്കുന്ന ഫോട്ടോ കഴിഞ്ഞദിവസങ്ങളിൽ ടീം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അഞ്ച് ദിവസത്തെ പരിശീലനത്തിനുശേഷമാണ് ടീം ചെന്നൈയിൽനിന്ന് വിമാനം കയറുന്നത്. അതിലും ചഹാർ പങ്കെടുത്തിട്ടുണ്ട്.
റെയ്ന കൂടി മടങ്ങിയതോടെ ചെന്നൈക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. 193 മത്സരങ്ങളിൽനിന്ന് 5368 റൺസാണ് ഈ ഇടംകൈയൻ ബാറ്റ്സ്മാൻ ഐ.പി.എല്ലിൽ അടിച്ചുകൂട്ടിയിരിക്കുന്നത്. കോഹ്ലി കഴിഞ്ഞാൽ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരവും റെയ്ന തന്നെയാണ്. സെപ്റ്റംബർ 19നാണ് പുതിയ സീസൺ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.