'വാട്ട് എ ഷോട്ട്, സ്കൈ ഷോട്ട്'; ഓഫ് സ്റ്റംപിന് പുറത്തെ പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്സർ പറത്തി സൂര്യകുമാർ -VIDEO
text_fieldsഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നലത്തെ മത്സരത്തിൽ അനായാസ വിജയമായിരുന്നു മുംബൈ ഇന്ത്യൻസിന്. കൊൽക്കത്ത ഉയർത്തിയ 117 റൺസ് എന്ന വിജയലക്ഷ്യം മുംബൈ 12.5 ഓവറിൽ മറികടന്നു. മുംബൈ ടീമിന്‍റെ ഈ സീസണിലെ ആദ്യ ജയംകൂടിയായിരുന്നു ഇത്.
മത്സരത്തിൽ ഒമ്പത് പന്തിൽ പുറത്താകാതെ 27 റൺസാണ് മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് നേടിയത്. രണ്ട് സിക്സും മൂന്ന് ഫോറുമാണ് പിറന്നത്. നേരിട്ട രണ്ടാംപന്തിൽ നേടിയ കൂറ്റൻ സിക്സർ ആഘോഷമാക്കുകയാണ് സ്കൈ ആരാധകർ. ആൻഡ്രെ റസൽ എറിഞ്ഞ 11ാം ഓവറിലെ രണ്ടാംപന്തിലായിരുന്നു അത്. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്വതസിദ്ധമായ 'സ്കൈ ഷോട്ടി'ലൂടെ സൂര്യകുമാർ ഫൈൻ ലെഗിന് മുകളിലൂടെ സിക്സറിന് പറത്തി. ശേഷം നേരിട്ട ഏഴ് പന്തിൽ 21 റൺസ് കൂടി നേടി സൂര്യകുമാർ മുംബൈയുടെ വിജയം പൂർത്തിയാക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് പിഴുത അശ്വനി കുമാറാണ് കെ.കെ.ആർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 26 റൺസെടുത്ത അംഗ്രിഷ് രഘുവൻഷിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 16.2 ഓവറിൽ കെ.കെ.ആർ 116 റൺസിന് ഓൾ ഔട്ടായി. മൂന്ന് ഓവറിൽ 24 റണ്‍സ് വഴങ്ങിയാണ് അശ്വനി കുമാർ നാലു വിക്കറ്റ് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്തക്ക് ആ തകര്‍ച്ചയില്‍നിന്ന് പിന്നീട് കരകയറാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ തകർത്തടിച്ചാണ് തുടങ്ങിയത്. പവർപ്ലേയിൽ 55 റൺസാണ് മുംബൈ ബാറ്റർമാർ അടിച്ചെടുത്തത്. ഇതിനിടെ ഫോം കണ്ടെത്താൻ ഉഴറുന്ന സൂപ്പർ താരം രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തിൽ ഒരു സിക്സിന്‍റെ അകമ്പടിയോടെ 13 റൺസെടുത്ത താരം, ആന്ദ്രേ റസ്സലിന്‍റെ പന്തിൽ ഹർഷിത് റാണക്ക് വിക്കറ്റ് സമ്മാനിച്ചാണ് കൂടാരം കയറിയത്. സ്കോർ 91ൽ നിൽക്കേ 16 റൺസെടുത്ത വിൽ ജാക്സ് രഹാനെക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇത്തവണയും റസ്സലിനു തന്നെയാണ് വിക്കറ്റ്. അർധ സെഞ്ച്വറി നേടിയ റയാൻ റിക്കിൾടണാണ് മുംബൈയുടെ ടോപ് സ്കോറർ. 41 പന്ത് നേരിട്ട താരം 62 റൺസുമായി പുറത്താകാതെ നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.