സൂര്യകുമാർ യാദവിന് എന്തുപറ്റി? തുടർച്ചയായ മൂന്നാം ഏകദിനത്തിലും ഗോൾഡൻ ഡക്ക്
text_fieldsസൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. ട്വന്‍റി20 ക്രിക്കറ്റിൽ താരത്തിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടിയ ദ്രാവിഡ്, ഏകദിന ക്രിക്കറ്റ് ഇതിൽനിന്ന് വ്യത്യസ്തമാണെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, ട്വന്റി20 ക്രിക്കറ്റിലൂടെ ഉദിച്ചുയർന്ന സൂര്യകുമാറിന്‍റെ ഏകദിന കരിയർ വലിയൊരു ചോദ്യചിഹ്നമാകുകയാണ്. ഈ പരമ്പരയോടെ അതിന് അവസാനമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പരമ്പരയിലെ മൂന്നാം മത്സരത്തിലും നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായ താരത്തിന് നാണക്കേടിന്‍റെ റെക്കോഡ്.
9, 8, 4, 34, 6, 4, 31, 14, 0, 0, 0 എന്നിങ്ങനെയാണ് കഴിഞ്ഞ 11 മത്സരങ്ങളിൽ സൂര്യയുടെ സ്കോർ. ലോക ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റർ ആണെങ്കിലും ഏകദിനത്തിൽ സൂര്യകുമാർ യാദവ് തുടർച്ചയായി പരാജയപ്പെടുന്നതാണ് കാണുന്നത്. സൂര്യകുമാറിന്‍റെ മോശം പ്രകടനത്തിലുള്ള അതൃപ്തി ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണിന്റെയും സൂര്യകുമാറിന്റെയും ഏകദിന റെക്കോഡ് താരതമ്യം ചെയ്താണ് ആരാധകരുടെ വിമർശനം.
ഏകദിനത്തിൽ സൂര്യകുമാറിനേക്കാൾ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. പകരം സഞ്ജുവിനെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്നാണ് ഒരുവിഭാഗം ആരാധകർ ആവശ്യപ്പെടുന്നത്. മോശം ഫോമിൽ തുടരുന്ന സൂര്യകുമാർ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ടീമിൽ ഉണ്ടാകുമോയെന്ന കാര്യവും സംശയത്തിലാണ്. ആദ്യ രണ്ടു മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിന്‍റെ ആദ്യ പന്തിലാണ് താരം പുറത്തായതെങ്കിൽ, ഇത്തവണ ആഷ്ടൺ ആഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാകുകയായിരുന്നു.
നാലാം നമ്പറുകാരനായി ഇറങ്ങിയിരുന്ന താരത്തെ ഇത്തവണ ഏഴാം നമ്പറിലാണ് ദ്രാവിഡ് ഇറക്കിയത്. എന്നിട്ടും രക്ഷയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.