'അടിച്ച അടിയിൽ എത്തിയത് വിരാടിനൊപ്പം'; കോഹ്ലിയുടെ റെക്കോഡിനൊപ്പമെത്തി സൂര്യ
text_fieldsഇന്ത്യ-ശ്രിലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. പല്ലെക്കലെയിൽ നടന്ന മത്സരത്തിൽ 43 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 213 റൺസ് നേടിയപ്പോൾ ലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.
26 പന്ത് നേരിട്ട് 58 റൺസ് നേടിയ ഇന്ത്യൻ നാകയൻ സൂര്യകുമാർ യാദവാണ് മത്സരത്തിലെ താരം. എട്ട് ഫോറും രണ്ട് സിക്സറുമടങ്ങിയതായിരുന്നു സൂര്യയുടെ വെടിക്കെട്ട് ഇന്നിങ്സ്.
മത്സരത്തിലെ താരമായതോടെ വിരാടിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സൂര്യയിപ്പോൾ. അന്താരാഷ്ട്ര ടി-20യിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് എന്ന വിരാടിന്റെ റെക്കോഡിനൊപ്പമാണ് സൂര്യ എത്തിയത്. 16 പ്ലെയർ ഓഫ് ദി മാച്ചാണ് ടി-20യിൽ ഇന്ത്യൻ ടീമിന് വേണ്ടി ഇരുവരും നേടിയത്. വിരാട് 125 മത്സരത്തിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ സൂര്യ വെറും 69 മത്സരങ്ങളിലാണ് 16 പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിയിരിക്കുന്നത്.
അന്താരാഷ്ട്ര ടി-20യിൽ നിന്നും വിരമിച്ചെന്നിരിക്കെ വിരാടിനെ സൂര്യക്ക് അനായാസം മറികടക്കാം.
അതേസമയം സൂര്യക്ക് പുറമെ 49 റൺസുമായി റിഷബ് പന്ത്, യഷ്സ്വി ജെയ്സ്വാൾ (21 പന്തിൽ 40), ശുഭ്മൻ ഗിൽ (16 പന്തിൽ 34) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. ലങ്കക്കായി മതീഷ പതിരാന 40 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രിലങ്കക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണർമാരായ പത്തും നിസാംഗയും കുശാൽ മെനഡിസും നൽകിയത്. എന്നാൽ പിന്നീട് ഇന്ത്യൻ ബൗളർമാർ ലങ്കയെ പിടിച്ചുകെട്ടുകയായിരുന്നു.
ഇന്ത്യക്കായി റിയാൻ പരാഗ് മൂന്ന് വിക്കറ്റും അർഷ്ദപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റും വീതം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.