പരിശീലനത്തിനിടെ സൂര്യകുമാർ യാദവിന് പരിക്ക്
text_fieldsധർമ്മശാല: ന്യൂസിലാൻഡുമായുള്ള നിർണായക ലോകകപ്പ് മത്സരം നടക്കാനിരിക്കെ ഇന്ത്യയുടെ സൂര്യകുമാർ യാദവിന് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ടീമിന്റെ സ്പെഷ്യലിസ്റ്റ് ബോളർ രഘുവിന്റെ പന്ത് സൂര്യകുമാറിന്റെ കൈയിൽ തട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സുര്യകുമാറിന് ഉടൻ തന്നെ ടീം ഡോക്ടർമാരെത്തി പ്രാഥമിക ചികിത്സ നൽകി. പിന്നീട് അദ്ദേഹം പരിശീലനത്തിന് ഇറങ്ങിയില്ല. സൂര്യകുമാറിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.
അതിനിടെ ഇന്ത്യൻ ബാറ്റർ ഇഷാൻ കിഷന് പരിശീലനത്തിനിടെ തേനീച്ചയുടെ കുത്തേറ്റു. ശേഷം ഇഷാൻ കിഷനും പരിശീലനം നടത്തിയില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇന്ന് നടക്കുന്ന മത്സരത്തിൽ കളിക്കുന്നില്ല. ടീമിനൊപ്പം ഹാർദിക് പാണ്ഡ്യ ധർമ്മശാലയിലേക്ക് വന്നിട്ടില്ല.
ഇന്ത്യയും പോയന്റ് ടേബ്ളിൽ ഒന്നാമന്മാരായ ന്യൂസിലൻഡും ഞായറാഴ്ച ഇറങ്ങുമ്പോൾ ആതിഥേയർക്ക് ലക്ഷ്യങ്ങൾ പലതാണ്. ജയിച്ച് മുന്നിലെത്തണം, സെമിയിൽ ഒരു ടിക്കറ്റ് ഉറപ്പിക്കണം, കരുത്തരെ വീഴ്ത്തി ആത്മവിശ്വാസം കൂട്ടണം. നീലപ്പടയുടെയും കിവികളുടെയും ശക്തി ദൗർബല്യങ്ങൾ പരീക്ഷിക്കപ്പെടാൻ ഏറെ സാധ്യതയുള്ള മത്സരം കൂടിയാണ് ഇന്നത്തേത്.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം. പകരം ആരെന്നതും ചോദ്യമാണ്. ഹാർദിക്കിന്റെ അഭാവം രണ്ടുപേർക്ക് വഴി തുറക്കാൻ സാധ്യതയുണ്ട്. പേസർ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവുമാണ് പരിഗണനയിൽ മുന്നിൽ. നിലവിലെ വിജയ ഇലവന്റെ ഭാഗമാണ് ഹാർദിക്കിനെപ്പോലെ പേസ് ബൗളിങ് ഓൾ റൗണ്ടറായ ശാർദുൽ ഠാകുർ.
ധർമശാലയിലെ സാഹചര്യങ്ങൾ പേസ് ബൗളിങ്ങിന് അനുകൂലമാവുമെന്ന പ്രതീക്ഷയിൽ ഷമിയെ കൊണ്ടുവന്നേക്കാം. താരത്തിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ഷമി വരുമ്പോൾ ശാർദുലിനെ മാറ്റി സ്പെഷലിസ്റ്റ് ബാറ്ററെ ഇറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അത് സൂര്യയുടെ വഴിയാണ് തെളിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പേസ് അപകടം വിതറിക്കൊണ്ടിരിക്കുന്നു. മറ്റൊരു പേസറായ മുഹമ്മദ് സിറാജും മോശമാക്കുന്നില്ല. സ്പിൻ ഡിപ്പാർട്മെന്റിൽ ജദേജക്ക് പുറമെ കുൽദീപ് യാദവും വിശ്വസ്തനാണ്. ബാറ്റിങ് നോക്കിയാൽ ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എല്ലാവരും ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.