‘എൻജിൻ മാറിയെങ്കിലും ബോഗികളെല്ലാം പഴയതുതന്നെ’; ഹാർദിക് ടീമിലെ പ്രധാന താരമെന്നും സൂര്യകുമാർ
text_fieldsപല്ലേക്കെലെ: പുതിയ പരിശീലകനും പുതിയ ക്യാപ്റ്റനും ചേർന്ന സഖ്യവുമായി ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. വൈകിട്ട് ഏഴ് മണി മുതൽ പല്ലേക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ശ്രീലങ്കക്കെതിരെയുള്ള ട്വന്‍റി20 മത്സരം. അതിനിടെ ക്യാപ്റ്റനെന്ന നിലയിൽ തന്‍റെ ആദ്യ വാർത്താസമ്മേളനം നടത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. പുതിയ ‘റോളി’നെക്കുറിച്ച് മനസ്സുതുറന്ന സൂര്യ, ടീമിൽ ഹാർദിക് പാണ്ഡ്യക്കുള്ള സ്ഥാനത്തെ കുറിച്ചും മാധ്യമങ്ങളോട് പ്രതികരിച്ചു.
“ക്യാപ്റ്റൻസി ഞാൻ ഏറ്റെടുത്താലും ടീമിൽ ഒരു മാറ്റവും വരുന്നില്ല. ട്രെയിനിന്‍റെ എൻജിൻ മാറിയെങ്കിലും ബോഗികളെല്ലാം പഴയതുതന്നെയാണ്. ക്രിക്കറ്റ് ബ്രാൻഡിൽ യാതൊരു മാറ്റവുമില്ല. ക്യാപ്റ്റനാവുന്നതോടെ എന്‍റെ ഉത്തരവാദിത്തം കൂടുകയാണ്. ഹാർദികിന്‍റെ സ്ഥാനം എല്ലായ്പ്പോഴും ഒരുപോലെയാണ്. ടീമിലെ പ്രധാന താരമാണ് അദ്ദേഹം. ലോകകപ്പിലെ ഫോം ഇനിയുള്ള മത്സരങ്ങളിലും അദ്ദേഹത്തിന് തുടരാനാകുമെന്നാണ് പ്രതീക്ഷ” -സൂര്യകുമാർ പറഞ്ഞു.
രോഹിത് ശർമയുടെ ക്യാപ്റ്റൻസി രീതി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സൂര്യകുമാർ പറഞ്ഞു. രോഹിത് നായകൻ മാത്രമല്ല, നല്ല നേതാവു കൂടിയാണ്. ഗ്രൗണ്ടിലും പുറത്തും അങ്ങനെ തന്നെയാണ്. ട്വന്‍റി20 മത്സരങ്ങൾ എങ്ങനെ കളിക്കണമെന്നും ടൂർണമെന്‍റുകൾ എങ്ങനെ ജയിക്കാമെന്നും കാണിച്ച നേതാവാണ് അദ്ദേഹം. കഴിഞ്ഞ ആറ് വർഷമായി അദ്ദേഹത്തിനു കീഴിൽ കളിക്കുന്ന ആളാണ് താൻ. രോഹിത്തിന്‍റെ ശൈലിക്കൊപ്പം തന്‍റേതായ രീതിയും ചേർത്താകും ടീമിനെ മുന്നോട്ട് നയിക്കുകയെന്നും സൂര്യകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.