ട്വന്റി 20 ലോകകപ്പിൽ കോഹ്‌ലിയെ മാറ്റി സൂര്യകുമാറിനെ മൂന്നാം നമ്പറിൽ ഇറക്കണം -ബ്രയാൻ ലാറ
text_fieldsസൂര്യകുമാർ യാദവ് ലോകത്തെ മികച്ച ട്വന്റി 20 താരമാണ്, ലോകകപ്പിൽ വിരാട് കോഹ്‌ലിയെ നാലാം നമ്പറിലേക്ക് മാറ്റി സൂര്യയെ മൂന്നിൽ ഇറക്കണമെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ.
"എന്റെ ഒരു ഉപദേശം, നിങ്ങൾക്കിത് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, എന്നാലും 'സ്കൈ' മൂന്നിൽ ബാറ്റ് ചെയ്യണം. ലോകത്തെ ഏറ്റവും മികച്ച ട്വന്റി 20 കളിക്കാരിൽ ഒരാളാണ് അദ്ദേഹം. നിങ്ങൾ സർ വിവിയൻ റിച്ചാർഡ്സനെ പോലുള്ള കളിക്കാരോട് സംസാരിക്കണം, മധ്യനിരയിൽ നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ച് അദ്ദേഹം പറഞ്ഞുതരും"- ലാറ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
"ഇന്ത്യയ്‌ക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്ത സൂര്യ 35 ഇന്നിംഗ്‌സുകളിൽ നിന്ന് 50 ശരാശരിയിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 1402 റൺസ് നേടിയിട്ടുണ്ട്. എന്നാൽ, 2022-ട്വൻറി 20 ലോകകപ്പിന് ശേഷം ഒരു വർഷത്തേക്ക് ട്വൻറി 20യിൽ നിന്ന് വിട്ടുനിൽക്കാൻ കോഹ്‌ലി തീരുമാനിച്ചപ്പോൾ, സൂര്യയെ മൂന്നാം നമ്പറിലേക്ക് ഉയർത്തി. പ്രകടനം മികച്ചതായിരുന്നു. 14 ഇന്നിംഗ്‌സുകളിൽ നിന്ന് 479 റൺസ് നേടിയ സൂര്യകുമാർ ഒരു സെഞ്ച്വറിയും നാല് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് സ്റ്റാർ പ്ലെയറാണ്, അദ്ദേഹത്തിന് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനും ടീമിനായി മത്സരങ്ങൾ ജയിക്കാനും അവസരം നൽകണം" .ലാറ വിശദീകരിച്ചു.
ട്വൻറി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് . തിങ്കളാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റിന് ജയിച്ച മത്സരത്തിൽ സൂര്യകുമാർ തന്റെ ഐ.പി.എൽ കരിയറിലെ രണ്ടാം സെഞ്ച്വറി നേടി. സൂര്യയുടെ കരിയറിലെ ആറാമത്തെ ട്വന്റി 20 സെഞ്ച്വറിയാണിത്. യഥാക്രമം ഒമ്പത്, എട്ട് സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലി, രോഹിത് ശർമ്മക്കും തൊട്ടുപിന്നാലെയുണ്ട് സൂര്യകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.