ലോകകപ്പ് പറന്നുയരുന്നതാണ് ഞാന്‍ കണ്ടത്, അത് മുറുകെ പിടിച്ചു; അവിശ്വസനീയ ക്യാച്ചില്‍ പ്രതികരിച്ച് സൂര്യകുമാര്‍
text_fieldsബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടത്. ബൗണ്ടറി കടക്കുമെന്ന് ഉറപ്പാക്കിയ പന്ത് അസാമാന്യ പ്രകടനത്തിലൂടെയാണ് സൂര്യ കൈപ്പിടിയില്‍ ഒതുക്കിയത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ റീപ്ലേ കാണേണ്ടിവന്നു. ആ ക്യാച്ച് ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായെന്ന് നിസംശയം പറയാം. ഡേവിഡ് മില്ലര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ക്രീസില്‍ നില്‍ക്കുന്നിടത്തോളം ഇന്ത്യക്കും ലോകകപ്പിനും ഇടയിലുള്ള വിടവ് അത്രയും വലുതായിരുന്നു. ഇപ്പോള്‍ താന്‍ ആ ക്യാച്ച് എടുത്തതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂര്യ.
''ആ സമയത്ത് യഥാര്‍ഥത്തില്‍ എന്തായിരുന്നു എന്റെ മനസ്സിലെന്ന് അറിയില്ല. ലോകകപ്പ് പറന്നുയരുന്നതാണ് ഞാന്‍ കണ്ടത്, അത് മുറുകെ പിടിച്ചു'' -സൂര്യകുമാര്‍ പറഞ്ഞു. മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായി മാറിയ ക്യാച്ചായിരുന്നു അത്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തിലായിരുന്നു വിക്കറ്റ് വീണത്. ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സിക്സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈയിലൊതുക്കുകയായിരുന്നു. ബൗണ്ടറി ലൈനിനപ്പുറത്തേക്ക് പോയ സൂര്യ, പന്ത് ഉയര്‍ത്തിയിട്ട് വീണ്ടും അകത്ത് കയറിയാണ് ക്യാച്ച് ഉറപ്പിച്ചത്.
1983 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന്റെ വിവ് റിച്ചാര്‍ഡ്‌സിനെ പുറത്താക്കാന്‍, ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് എടുത്ത ക്യാച്ചുമായാണ് പലരും സൂര്യകുമാറിന്റെ ക്യാച്ചിനെ താരതമ്യം ചെയ്യുന്നത്. '83ലെ ആ ക്യാച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തെ തന്നെ അക്ഷരാര്‍ഥത്തില്‍ മാറ്റിയെങ്കില്‍, ഇത്തവണ സൂര്യയുടെ ക്യാച്ച് ഇന്ത്യക്ക് മറ്റൊരു ലോകകിരീടം കൂടി സമ്മാനിക്കുന്നു. കപിലിനെ പോലെ മറ്റുരു മികച്ച താരമാണ് സൂര്യകുമാറെന്ന് '83 ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനും നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റുമായ റോജര്‍ ബിന്നിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.