നാലു വർഷത്തിനിടെ മൂന്നാം തവണയും വിസ്ഡൻ ക്രിക്കറ്ററായി ഈ ഇംഗ്ലീഷ് താരം; ട്വന്റി20യിൽ സൂര്യകുമാർ യാദവ്
text_fieldsചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാകിലും ഒന്നാമനായി ഈ ബ്രിട്ടീഷ് താരം. ബാറ്റുകൊണ്ടും ബാൾ കൊണ്ടും കാണിച്ച പ്രകടന മികവും ഒപ്പം ടീമിന് വലിയ വിജയങ്ങളൊരുക്കിയ നായകത്വവും ചേർന്നാണ് ബെൻ സ്റ്റോക്സിനെ വർഷത്തെ മികച്ച താരമാക്കിയത്. ഇംഗ്ലീഷ് ടെസ്റ്റ് ടീമിനെ സമാനതകളില്ലാത്ത ജയങ്ങളിലേക്ക് തിരികെയെത്തിച്ചതിനൊപ്പം ട്വന്റി20 ലോകകപ്പ് കിരീടം പിടിക്കുന്നതിലും സ്റ്റോക്സ് സുപ്രധാന സാന്നിധ്യമായിരുന്നു.
വർഷത്തിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളിൽ ഇംഗ്ലീഷ് താരങ്ങളായി ബെൻ ഫോക്സ്, മാത്യു പോട്ട്സ് എന്നിവർക്കൊപ്പം ന്യുസിലൻഡിന്റെ ഡാരിൽ മിച്ചെൽ, ടോം ബ്ലണ്ടൽ എന്നിവരുമാണുള്ളത്. ഇംഗ്ലണ്ട് അവസാനം കളിച്ച 17ൽ ഒരു ജയം മാത്രമായി വൻവീഴ്ചയിൽ നിൽക്കെയാണ് ബെൻ സ്റ്റോക്സ് നായകനായി എത്തുന്നത്. പിന്നീട് ടീം 12 ടെസ്റ്റിനിറങ്ങിയതിൽ 10ഉം ജയിച്ച് റെക്കോഡിട്ടു. 2020, 2021 വർഷങ്ങളിലും സ്റ്റോക്സ് ഏറ്റവും മികച്ച കളിക്കാരനായിരുന്നു. വനിതകളിൽ ആസ്ട്രേലിയയുടെ ബെത് മൂണിയാണ് മികച്ച താരം. വനിതകളുടെ അഞ്ചിൽ ഹർമൻപ്രീത് കൗറും ഇടം പിടിച്ചിട്ടുണ്ട്.
2023ലെ മികച്ച ട്വന്റി20 താരമായി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. 2021 മാർച്ചിൽ ദേശീയ ജഴ്സിയിൽ അരങ്ങേറിയ താരം 48 കളികളിലായി 1675 റൺസ് നേടിയിട്ടുണ്ട്. നിലവിൽ ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ താരമാണ് ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.