സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തോൽവി
text_fieldsന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി20 ടൂർണമെൻറിലെ മൂന്നാം മത്സരത്തിൽ കേരളത്തിന് തോൽവി. റെയിൽവേസിനോടാണ് കേരളം ആറു റൺസിന് പരാജയപ്പെട്ടത്. ആദ്യ കളിയിൽ ഗുജറാത്തിനോട് തോൽക്കുകയും രണ്ടാം മത്സരത്തിൽ ബിഹാറിനെ തോൽപിക്കുകയും ചെയ്തിരുന്ന കേരളം മൂന്നു റൗണ്ട് പിന്നിട്ടപ്പോൾ ഗ്രൂപ് ഡിയിൽ നാലു പോയൻറുമായി നാലാമതാണ്.
ഗുജറാത്ത്, അസം, മധ്യപ്രദേശ് (എട്ടു വീതം) ആണ് കേരളത്തിന് മുന്നിലുള്ളത്. ബിഹാറിനും റെയിൽവേസിനും നാലു പോയൻറ് വീതമാണെങ്കിലും റൺ ശരാശരിയുടെ മുൻതൂക്കം കേരളത്തിനാണ്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളം റെയിൽവേസിനെ ആറിന് 144ൽ ഒതുക്കിയെങ്കിലും ആറിന് 138 റൺസെടുക്കാനേ ബാറ്റർമാർക്കായുള്ളൂ.
മുൻനിര തകർന്നടിഞ്ഞതോടെ നാലിന് 24 എന്ന നിലയിലായ കേരളത്തിനായി വിഷ്ണു വിനോദ് (43 പന്തിൽ 62 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല.സചിൻ ബേബിയും (27 പന്തിൽ 25) മനുകൃഷ്ണനും (10 പന്തിൽ 21 നോട്ടൗട്ട്) വിനോദിന് പിന്തുണ നൽകിയെങ്കിലും ലക്ഷ്യത്തിന് ആറു റൺസകലെ പോരാട്ടം അവസാനിച്ചു. കേരളത്തിെൻറ അടുത്ത കളി തിങ്കളാഴ്ച അസമിനെതിരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.