54 പന്തിൽ 137, ഇതാ പുതിയ അസ്ഹറുദ്ദീൻ!; മുംബൈയുടെ വമ്പിനെ തല്ലിയോടിച്ച് കേരളം
text_fieldsസയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റിെൻറ ഈറ്റില്ലങ്ങളിലൊന്നായ മുംബൈയുടെ സ്വന്തം വാംഖഡെയിൽ ആതിഥേയരെ കേരളം തല്ലിയോടിച്ചു. ഐ.പി.എല്ലിലും ഇന്ത്യൻടീമിലും അനുഭവസമ്പത്തുള്ള വൻതാരനിരയുമായെത്തിയ മുംബൈയെ കേരളം എട്ടുവിക്കറ്റിന് തകർത്തുവിട്ടു.
വെറും 54 പന്തിൽ 137 റൺസുമായി നിറഞ്ഞാടിയ മുഹമ്മദ് അസ്ഹറുദ്ദീെൻറ അസാമാന്യപ്രകടനത്തിന് മുമ്പിൽ മുംബൈ ബൗളർമാർ നട്ടം തിരിഞ്ഞു. ആദ്യം ബാറ്റുചെയ്ത മുംബൈ ഉയർത്തിയ 197 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം കേരളം വെറും 15.5 ഓവറിൽ മറികടന്നു.
പന്തിനെ കൃത്യമായ ടൈമിങ്ങോടെയും ക്ലാസിക് ഷോട്ടുകളിലൂടെയും മൈതാനത്തിെൻറ വശങ്ങളിലേക്ക് പറത്തിയ അസ്ഹറുദ്ദീൻ മത്സരം അനായാസം കേരളത്തിന് നേടിക്കൊടുക്കുകയായിരുന്നു. 23 പന്തിൽ 33 റൺസെടുത്ത റോബിൻ ഉത്തപ്പയും 12 പന്തിൽ 22 റൺസെടുത്ത സഞ്ജുസാംസണും അസ്ഹറുദ്ദീന് തുണയായി നിന്നു. 11 സിക്സറുകളും ഒൻപത് ബൗണ്ടറികളും അസ്ഹറുദ്ദീെൻറ ബാറ്റിനെ ചുംബിച്ച് പറന്നു. പഴയ ഇന്ത്യൻ നായകൻ അസ്ഹറുദ്ദീനെ കേരളത്തിെൻറ അസ്ഹർ അനുസ്മരിപ്പിക്കുന്നുവെന്നാണ് ക്രിക്കറ്റ് പണ്ഡിതൻ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്.
ആദ്യം ബാറ്റുചെയ്ത മുംബൈ കേരളത്തെ നന്നായി പ്രഹരിച്ചു. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്ത കെ.എം ആസിഫും 34 റൺസിന് മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേനയും തങ്ങളുടെ ക്ലാസ് കാണിച്ചുകൊടുത്തപ്പോൾ നാലോവറിൽ 47 റൺസ് വഴങ്ങിയ ശ്രീശാന്തും 50 റൺസ് വഴങ്ങിയ നിതീഷും 39 റൺസ് വഴങ്ങിയ ബേസിൽ തമ്പിയും നിരാശപ്പെടുത്തി.40 റൺസെടുത്ത യശസ്വി ജയ്സ്വാൾ, 42 റൺസെടുത്ത ആദിത്യ താരെ, 38 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരാണ് മുംബൈ നിരയിൽ തിളങ്ങിയത്. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ പുതുച്ചേരിയെ തകർത്ത കേരളത്തിെൻറ തുടർച്ചയായ രണ്ടാം വിജയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.