അടിച്ചു തകർത്ത് സഞ്ജുവും അസ്ഹറുദ്ദീനും; കേരളം ക്വാർട്ടറിൽ
text_fieldsന്യൂഡൽഹി: ഒരിക്കൽ കൂടി മിന്നും പ്രകടനവുമായി സഞ്ജു വി സാംസൺ കേരളത്തിന്‍റെ രക്ഷകാനായപ്പോൾ മുഷ്താഖ് അലി ട്വന്‍റി20 ടൂർണമെന്‍റിൽ കേരളം ക്വാർട്ടറിൽ. ഹിമാചൽ പ്രദേശിനെതിരെ എട്ടുവിക്കറ്റിന്‍റെ തകർപ്പൻ ജയവുമായാണ് സഞ്ജുവും പടയാളികളും കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തത്. ഹിമാചല്‍ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം കേരളം 19.3 ഓവറില്‍ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു.
സ്കോർ: ഹിമാചൽ പ്രദേശ് 145/6(20 ഓവർ)
കേരളം: 147/2 (19.3 ഓവർ)
57 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 60 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ കൂട്ടുപിടിച്ചാണ് സഞ്ജു വീണ്ടും തീക്കാറ്റായത്. ക്യാപ്റ്റന്‍റെ ഇന്നിങ്സ് കളിച്ച സഞ്ജു 39 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 52 റൺസ് എടുത്തു. ടൂർണമെന്‍റിൽ സഞ്ജുവിന്റെ മൂന്നാം അർധസെഞ്ച്വറിയാണിത്. രണ്ടാം വിക്കറ്റിൽ ഇരുവരും 98 റൺസ് ചേർത്തു.
രോഹൻ കുന്നുമ്മലിന്‍റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിൻ ബേബി 10 റൺസുമായി പുറത്താകാതെ നിന്നു. 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത എസ്. മിഥുനാണു കേരളത്തിനായി ബൗളിങ്ങിൽ തിളങ്ങിയത്.
കേരളം വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ കരുത്തരായ തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികൾ.
മത്സരത്തില്‍ ടോസ് ജയിച്ച കേരളം ഹിമാചലിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 52 പന്തുകളില്‍ നിന്ന് 65 റണ്‍സെടുത്ത ഓപ്പണര്‍ രാഘവ് ധവാന്‍റെയും 36 റണ്‍സ് നേടിയ പി.എസ്.ചോപ്രയുടെയും ബാറ്റിങ് മികവിലാണ് ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.