ട്വന്‍റി20 ലീഗുകൾ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണി; 10 വർഷം കൊണ്ട് ക്രിക്കറ്റും ഫുട്ബാൾ പോലെയാകുമെന്ന് ഡുപ്ലെസിസ്
text_fieldsഇസ്ലാമാബാദ്: വിവിധ രാജ്യങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ട്വന്‍റി20 ലീഗുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിനുള്ള ഏറ്റവും വലിയ ഭീഷണിയെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്. ലീഗുകളും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിലുള്ള സന്തുലനം നിലനിർത്താൻ വേണ്ടി അധികാരികൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ട്വന്‍റി20 ലീഗുകൾ അന്താരാഷ്ട്ര ക്രിക്കറ്റിന് ഭീഷണിയാണ്. ലീഗുകളുടെ ശക്തി വർഷം തോറും വർധിക്കുകയാണ്. തുടക്കകാലത്ത് ലോകത്ത് വെറും രണ്ട് ലീഗുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് ഒരു വർഷത്തിൽ ഏഴ് ലീഗുകളായി മാറിയിരിക്കുന്നു. ലീഗുകൾ കൂടുതൽ ശക്തമാവുകയാണ്' -പാകിസ്താൻ സൂപ്പർ ലീഗുമായി ബന്ധപ്പെടുത്തിയുള്ള ഒരു വെർച്വൽ അഭിമുഖത്തിൽ ഡുപ്ലെസി പറഞ്ഞു.
പി.എസ്.എല്ലിൽ പെഷാവർ സാൽമിക്ക് വേണ്ടിയാണ് ഡുപ്ലെസിസ് കളിക്കുന്നത്. കോവിഡ് കാരണം മാറ്റിവെച്ച ടൂർണമെന്‍റ് ജൂൺ ഒമ്പതിന് പുനരാരംഭിക്കുകയാണ്.
ക്രിക്കറ്റ് ബോർഡുകളുടെ തലപ്പത്തിരിക്കുന്നവർ തിരുത്തൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ഭാവി അപകടത്തിലാകും. ഫുട്ബാളിൽ ഉള്ളപോലെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭാവിയിൽ ആഭ്യന്തര ലീഗുകളോട് തോറ്റുപോകാനുള്ള സാധ്യതയുണ്ടെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ പറഞ്ഞു.
'അതൊരു വലിയ വെല്ലുവിളിയാണ്. ഒരുപക്ഷേ 10 വർഷത്തിനുള്ളിൽ ക്രിക്കറ്റ് ഫുട്ബാൾ പോലെയാകും. ലോക മത്സരങ്ങൾക്കിടയിൽ ഇത്തരം ലീഗുകളും അരങ്ങേറുേമ്പാൾ അന്താരാഷ്ട്ര താരങ്ങളും അതിൽ കളിക്കും' -ഡുപ്ലെസി പറഞ്ഞു. കാലം കഴിയുന്നതോെട കരീബിയൻ താരങ്ങളായ ക്രിസ് ഗെയിലിനെയും ഡ്വൈന്‍ ബ്രാവോയെയും പോലെ കൂടുതൽ താരങ്ങൾ ഫ്രീലാൻസ് ക്രിക്കറ്റർമാരായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ദേശീയ ടീമുകൾക്കായിരിക്കും ഇതുകൊണ്ട് ഏറ്റവും വലിയ നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.