നായകന്‍റെ ചിറകിലേറി കിവീസ്; ഓസീസിനെതിരെ മികച്ച സ്കോർ
text_fieldsദുബൈ: ടി20 ലോകകപ്പിന്‍റെ കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ ആസ്ട്രേലിയക്ക് 173 റൺസ് വിജയലക്ഷ്യം. പതിഞ്ഞ താളത്തിൽ തുടങ്ങിയ കിവികൾ ഒരു ഘട്ടത്തിൽ കുറഞ്ഞ സ്കോറിനൊതുങ്ങുമെന്ന് തോന്നിച്ചെങ്കിലും, വെടിക്കെട്ടുമായി നായകൻ കെയിൻ വില്യംസൺ (85) മുന്നിൽ നിന്ന് നയിച്ചതോടെ സ്കോർ കുതിക്കുകയായിരുന്നു. 48 പന്തുകളിൽ 10 ഫോറുകളും മൂന്ന് കൂറ്റൻ സിക്സറുകളും അടങ്ങുന്നതാണ് നായകന്‍റെ ഇന്നിങ്സ്. സ്കോർ: നാലിന് 172 (20 ഓവർ)
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് ആദ്യത്തെ അഞ്ചോവറിൽ നേടാനായത് 30 റൺസ് മാത്രമായിരുന്നു. ഓസീസ് ബൗളർമാരുടെ തന്ത്രപരമായ പന്തുകൾ ബൗണ്ടറി കടത്താനാകാതെ ഓപണർമാരായ മാർട്ടിൻ ഗുപ്റ്റിലും ഡെരിൽ മിച്ചലും കഷ്ടപ്പെടുന്നുണ്ടായിരുന്നു. 35 പന്തുകളിൽ 28 റൺസുമായാണ് ഗുപ്റ്റിൽ പുറത്തായത്. എട്ട് പന്തുകളിൽ 11 റൺസാണ് മിച്ചലിന്‍റെ സമ്പാദ്യം. എന്നാൽ, വില്യംസൺ വന്നതോടെ ഓസീസ് ബൗളർമാർ വെള്ളം കുടിക്കാൻ തുടങ്ങി. മിച്ചൽ സ്റ്റാർക്ക് നാലോവറിൽ വിക്കറ്റുകളൊന്നുമെടുക്കാതെ 60 റൺസാണ് വഴങ്ങിയത്. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത ജോഷ് ഹേസൽവുഡാണ് കിവീസിന് വെല്ലുവിളി സമ്മാനിച്ചത്.
ലോകകപ്പിൽ സാധ്യത കൽപിച്ചിരുന്ന രണ്ട് വമ്പൻമാരെ വീഴ്ത്തി ഫൈനലിലെത്തിയ ഓസീസും കിവീസും തങ്ങളുടെ കന്നി ടി20 ലോകകപ്പ് നേട്ടത്തിനായാണ് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് പോരിടുന്നത്. 2015ലെ ഏകദിന ലോകകപ്പിലേറ്റ തോൽവിക്ക് കംഗാരുപ്പടയോട് പകരംവീട്ടാനുള്ള അവസരമാണ് ഇന്ന് ന്യൂസിലൻഡിന് കൈവന്നിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു നോക്കൗട്ട് മത്സരത്തിൽപോലും കിവികൾക്ക് ആസ്ട്രേലിയയെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.