അവസാന പന്തിൽ വിൻഡീസ്; ബംഗ്ലാദേശിന് മൂന്നാം തോൽവി
text_fieldsഷാർജ: ട്വൻറി20 ലോകകപ്പ് ഗ്രൂപ് ഒന്നിൽ ആദ്യ രണ്ടു കളികളും തോറ്റവരുടെ അങ്കത്തിൽ ജയം വെസ്റ്റിൻഡീസിന്. അവസാന പന്ത് വരെ ആവേശം മുറ്റിനിന്ന കളിയിൽ ബംഗ്ലാദേശിനെ മൂന്നു റൺസിനാണ് വിൻഡീസ് കീഴടക്കിയത്. ആദ്യ ജയത്തോടെ വിൻഡീസ് നേരിയ സെമിപ്രതീക്ഷ നിലനിർത്തിയപ്പോൾ മൂന്നാം തോൽവിയോടെ ബംഗ്ലാദേശ് പുറത്താകലിെൻറ വക്കിലായി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്, ബാറ്റർമാർ ഒരിക്കൽകൂടി മങ്ങിയപ്പോൾ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ ആയുള്ളൂ. എന്നാൽ, ബൗളർമാർ വർധിതവീര്യത്തോടെ പന്തെറിഞ്ഞതോടെ ബംഗ്ലാദേശിെൻറ പോരാട്ടം അഞ്ചു വിക്കറ്റിന് 139ൽ അവസാനിപ്പിക്കാൻ വിൻഡീസുകാർക്കായി.
അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് ഒമ്പത് റൺസെടുക്കാനേ ആയുള്ളൂ. നാലു ഡബിളും ഒരു ബൈയും വഴങ്ങിയെങ്കിലും ഒരു ബൗണ്ടറി പോലും വിട്ടുകൊടുക്കാതിരുന്ന ആന്ദ്രെ റസൽ ബൗണ്ടറി ആവശ്യമായ അവസാന പന്ത് തൊടാൻ ബംഗ്ലാനായകൻ മഹ്മൂദുല്ലക്ക് അവസരം നൽകിയില്ല.
പന്തെടുത്തവരെല്ലാം നന്നായി എറിഞ്ഞതാണ് താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാൻ വിൻഡീസിന് തുണയായത്. റസൽ, രവി രാംപോൾ, ജേസൺ ഹോൾഡർ, അഖീൽ ഹുസൈൻ, ഡ്വൈൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 43 പന്തിൽ 44 റൺസെടുത്ത ലിറ്റൺ ദാസും 24 പന്തിൽ 31 റൺസുമായി പുറത്താവാതെനിന്ന മഹ്മൂദുല്ലയും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ചെറുത്തുനിന്നത്. 17 റൺസ് വീതമെടുത്ത സൗമ്യ സർക്കാറിനും മുഹമ്മദ് നഈമിനും തുടക്കം മുതലാക്കാനായില്ല. ഓപണറായി ഇറങ്ങിയ ശാക്കിബുൽ ഹസൻ (9), മുശ്ഫിഖുർറഹീം (8) എന്നിവർ നിറംമങ്ങി.
നേരത്തേ മറ്റു വമ്പനടിക്കാരെല്ലാം ഒരിക്കൽകൂടി പരാജയമായപ്പോൾ 22 പന്തിൽ 40 റൺസടിച്ച നികോളാസ് പുരാെൻറ കരുത്തിലാണ് വിൻഡീസ് പൊരുതാവുന്ന സ്കോറിലെത്തിയത്. റോസ്റ്റൺ ചേസ് (46 പന്തിൽ 39) മാത്രമാണ് പിടിച്ചുനിന്ന മറ്റൊരു ബാറ്റർ.
ഓപണറായി ഇറങ്ങിയ ക്രിസ് ഗെയ്ൽ (4), എവിൻ ലൂയിസ് (6), ഷിംറോൺ ഹെറ്റ്മെയർ (9), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് (14), റസൽ (0), ബ്രാവോ (1) എന്നിവരൊക്കെ നിരാശപ്പെടുത്തി. ഒടുവിൽ ആദ്യ കളിക്കിറങ്ങിയ ഹോൾഡറാണ് (5 പന്തിൽ പുറത്താവാതെ 15) സ്കോർ 142ലെത്തിച്ചത്. ബംഗ്ലാബൗളർമാരിൽ മെഹ്ദി ഹസൻ, മുസ്തഫിസുർറഹ്മാൻ, ശരീഫുൽ ഇസ്ലാം എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.