അഫ്ഗാൻ നിരയിൽ രണ്ടക്കം കണ്ടത് ഒരാൾ മാത്രം, എക്സ്ട്രാസ് ടോപ് സ്കോറായി; വമ്പന്മാരെ വീഴ്ത്തിയവർക്ക് എന്തുപറ്റി
text_fieldsട്വന്‍റി20 ലോകകപ്പിൽ വമ്പന്മാരെ വീഴ്ത്തി സെമിയിലെത്തിയവരാണ് അഫ്ഗാനിസ്താൻ. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയെ വീഴ്ത്തി കരുത്തുകാട്ടിയവർ. ഗ്രൂപ്പ് സ്റ്റേജിൽ ന്യൂസിലാൻഡിനെ ചുരുട്ടിക്കൂട്ടിയവർ. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനലിൽ കഴിഞ്ഞ കളികളിലെ പോരാട്ടസ്മരണകളൊന്നും അഫ്ഗാനികളെ തുണച്ചില്ല. ബാറ്റുവീശാൻ മറന്ന അഫ്ഗാൻ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഒടുവിൽ സെമിയിൽ ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയോട് തോറ്റ് മടക്കം.
ഒരേയൊരാൾ മാത്രമാണ് അഫ്ഗാൻ നിരയിൽ ഇന്ന് രണ്ടക്കം കണ്ടത്. 10 റൺസെടുത്ത അസ്മത്തുല്ല ഉമർസായി. അഫ്ഗാൻ ബാറ്റിങ്ങിൽ ടോപ് സ്കോറായതാകട്ടെ, ദക്ഷിണാഫ്രിക്കൻ ബൗളർമാർ വിട്ടുനൽകിയ 13 എക്സ്ട്രാ റൺസ്. ഇതുവരെ മികച്ച ഫോമിലായിരുന്ന ഓപ്പണർ റഹ്മാനുല്ല ഗുർബാസും, മുഹമ്മദ് നബിയും ഉൾപ്പെടെ മൂന്നുപേർ പൂജ്യത്തിന് മടങ്ങി. ആസ്ട്രേലിയക്കെതിരെ അർധസെഞ്ചുറി നേടിയ ഇബ്രാഹിം സർദാൻ രണ്ട് റൺസിന് പുറത്തായി. കൂറ്റനടികളും വഴങ്ങുന്ന ക്യാപ്റ്റൻ റാഷിദ് ഖാനുപോലും ഒന്നുംചെയ്യാനായില്ല.
റഹ്മാനുല്ല ഗുർബാസ് (0), ഇബ്രാഹിം സർദാൻ (2), ഗുലാബ്ദിൻ നയിബ് (9), അസ്മത്തുല്ല ഉമർസായി (10), മുഹമ്മദ് നബി (0), ഖരോട്ടെ (2), കരിം ജനത്ത് (8), റാഷിദ് ഖാൻ (8), നൂർ അഹ്മദ് (0), നവീനുൽ ഹഖ് (2), ഫർസലാഖ് ഫറൂഖി (2) എന്നിങ്ങനെയാണ് ഇന്നത്തെ അഫ്ഗാൻ താരങ്ങളുടെ സ്കോർ. പവർ പ്ലേ ഓവറുകളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ അഫ്ഗാന് പിന്നീട് തിരിച്ചുകയറാനായില്ല.
1.5 ഓവറിൽ വെറും ആറ് റൺ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷംസിയും മൂന്നോവറിൽ 16ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാൻസെനും അഫ്ഗാനെ 56ൽ എറിഞ്ഞിട്ടു. നോർജെ മൂന്നോവറിൽ ഏഴ് റൺ മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് നേടിയത്. റബാദയും നേടി രണ്ട് വിക്കറ്റ്.
തൊട്ടതെല്ലാം പിഴച്ച അഫ്ഗാന് പൊരുതിനോക്കാനുള്ള സ്കോർ പോലുമുണ്ടായില്ല. തുടക്കത്തിലേ ക്വിന്‍റൺ ഡികോക്കിന്‍റെ വിക്കറ്റ് പോയെങ്കിലും ക്യാപ്റ്റൻ എയ്ഡൻ മർക്രമും (23), റീസ് ഹെൻഡ്രിക്കസും (29) ചേർന്ന് അധികം താമസമില്ലാതെ വിജയറൺ നേടി.
തോറ്റെങ്കിലും അഫ്ഗാന് തലയുയർത്തി മടങ്ങാം. വമ്പന്മാരായ ആസ്ട്രേലിയയെയും ന്യൂസിലാൻഡിനെയും വീഴ്ത്തിയെന്നതിനപ്പുറം, ലോകക്രിക്കറ്റ് വേദിയിൽ കരുത്തുകാട്ടിയാണ് അവരുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.