അഫ്ഗാൻ ചരിത്രം! ത്രില്ലർ പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി സെമിയിൽ; ആസ്ട്രേലിയ പുറത്ത്
text_fieldsകിങ്സ് ടൗൺ: സൂപ്പർ എട്ടിലെ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ ട്വന്‍റി20 ലോകകപ്പ് സെമിയിൽ. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ എട്ടു റൺസിനാണ് അഫ്ഗാന്‍റെ ജയം.
അഫ്ഗാൻ ഒരു ഐ.സി.സി ടൂർണമെന്‍റിന്‍റെ സെമിയിലെത്തുന്നത് ആദ്യമാണ്. ഇന്ത്യക്കു പുറമെ ഗ്രൂപ്പ് വണ്ണിൽനിന്ന് അഫ്ഗാനും അവസാന നാലിലെത്തിയതോടെ ആസ്ട്രേലിയ സെമി കാണാതെ പുറത്തായി. നേരത്തെ, സൂപ്പർ എട്ടിൽ ഓസീസിനെ അഫ്ഗാൻ അട്ടിമറിച്ചിരുന്നു. ചെറിയ സ്കോറിനു പുറത്തായ അഫ്ഗാൻ, തകർപ്പൻ ബൗളിങ്ങിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മഴ കാരണം ഡി.എൽ.എസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറിൽ 113 റൺസാക്കിയിരുന്നു.
ഒരറ്റത്ത് ഓപ്പണർ ലിട്ടൺ ദാസ് പൊരുതി നിന്നെങ്കിലും ബംഗ്ലാദേശിന്‍റെ മറ്റു ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 49 പന്തിൽ 54 റൺസുമായി ലിട്ടൺ ദാസ് പുറത്താകാതെ നിന്നു. തൗഹീദ് ഹൃദോയ് 14 റൺസും സൗമ്യ സർക്കാർ 10 റൺസും എടുത്ത് പുറത്തായി. എട്ടുപേരാണ് രണ്ടക്കം കണാതെ പുറത്തായത്. നവീനുൽ ഹഖിന്‍റെയും നായകൻ റാഷിദ് ഖാന്‍റെയും നാലു വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകർത്തത്.
അഫ്ഗാന് ഓപ്പണർമാരായ റഹുമാനുല്ല ഗുർബാസും (55 പന്തിൽ 43) ഇബ്രഹീം സദ്രാനും ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്ക് തിളങ്ങാനായില്ല. ഇരുവരും ഒന്നാം വിക്കറ്റിൽ 10.4 ഓവറിൽ 59 റൺസെടുത്തു. അസ്മത്തുല്ല ഉമർസായി (12 പന്തിൽ 10), ഗുൽബാദിൻ നായിബ് (മൂന്നു പന്തിൽ നാല്), മുഹമ്മദ് നബി (അഞ്ചു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഏഴു റൺസുമായി കരീം ജന്നത്ത്, 19 റൺസുമായി നായകൻ റാഷിദ് ഖാൻ എന്നിവർ പുറത്താകാതെ നിന്നു.
റിഷാദ് ഹുസൈൻ നാലു ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. തസ്കീം അഹ്മദ്, മുസ്താഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഗ്രൂപ്പിൽനിന്ന് മൂന്നു ജയവുമായി ഇന്ത്യ സെമിയിലെത്തിയിരുന്നു. ഈമാസം 26ന് നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാന്‍റെ എതിരാളികൾ. 27ന് രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.