ഡച്ചുകാരെ വിരട്ടി ബംഗ്ലാ കടുവകൾ; സൂപ്പർ എട്ട് സാധ്യത സജീവമാക്കി
text_fieldsകിങ്‌സ്ടൗണ്‍: ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്സിനെതിരെ ബംഗ്ലാദേശിന് 25 റൺസ് ജയം. സൂപ്പർ എട്ട് സാധ്യതകളും ബംഗ്ലാ കടുവകൾ സജീവമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ അര്‍ധ സെഞ്ച്വറി മികവില്‍ 160 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിൽ ഡച്ചുകാർക്ക് 20 ഓവറിൽ 134 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സ്കോർ: ബംഗ്ലാദേശ് -20 ഓവറിൽ അഞ്ചു വിക്കറ്റിന് 159. നെതർലൻഡ്സ് -20 ഓവറിൽ എട്ടു വിക്കറ്റിന് 134.
സിബ്രാൻഡ് എംഗൽബ്രെക്റ്റാണ് ഡച്ചു നിരയിലെ ടോപ് സ്കോറർ. താരം 22 പന്തിൽ 33 റൺസെടുത്താണ് പുറത്തായത്. വിക്രംജിത്ത് സിങ് (16 പന്തിൽ 26), സ്കോട്ട് എഡ്വേർഡ് (23 പന്തിൽ 25) എന്നിവരൊഴികെ മറ്റു ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്നു വിക്കറ്റ് വീഴ്ത്തി. തസ്കിൻ അഹ്മദ് രണ്ടും മുസ്താഫിസുർ റഹ്മാൻ, തൻസിം ഹസൻ, മഹ്മുദുല്ല എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, നായകൻ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (1), ലിട്ടണ്‍ ദാസ് (1) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ബംഗ്ലാദേശിന് തന്‍സിദ് ഹസന്‍, മഹ്‌മുദുല്ല എന്നിവരെ കൂട്ടുപിടിച്ച് ഷാക്കിബ് നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
46 പന്തുകള്‍ നേരിട്ട ഷാക്കിബ് ഒമ്പത് ബൗണ്ടറിയടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. ഡച്ചുകാർക്കായി ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. നിലവിൽ ഗ്രൂപ്പ് ഡിയിൽ ആറു പോയന്‍റുള്ള ദക്ഷിണാഫ്രിക്ക ഇതിനകം സൂപ്പർ എട്ട് ഉറപ്പിച്ചിട്ടുണ്ട്. മൂന്നു കളിയിൽനിന്ന് നാലു പോയന്‍റുമായി ബംഗ്ലാദേശ് ഗ്രൂപ്പിൽ രണ്ടാമതാണ്. മൂന്നു കളിയിൽനിന്ന് ഡച്ചുകാർക്ക് രണ്ടു പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.