Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂയോർക്കിലെ...

ന്യൂയോർക്കിലെ ‘കണ്ടംകളി’ കഴിഞ്ഞു; ഇനി കളി ഫ്ളോറിഡയിൽ

text_fields
bookmark_border
ന്യൂയോർക്കിലെ ‘കണ്ടംകളി’ കഴിഞ്ഞു; ഇനി കളി ഫ്ളോറിഡയിൽ
cancel
camera_alt

ഇന്ത്യൻ ടീം ന്യൂയോർക്കിലെ സ്റ്റേഡിയത്തിൽ മത്സരത്തിനു മുൻപ് അണിനിരന്നപ്പോൾ

ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ യു.എസിനെതിരെ ഏഴ് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ പ്രകടനത്തോടെ, ബാറ്റർമാരെ വെള്ളം കുടിപ്പിച്ച നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ മത്സരങ്ങൾക്ക് പരിസമാപ്തിയായി. സ്റ്റേഡിയത്തിലെ അവസാന ഗ്രൂപ്പ് മത്സരം ആരംഭിച്ചതുതന്നെ യു.എസ് ബാറ്ററെ കൂടാരം കയറ്റിക്കൊണ്ടാണ്. ആർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ പന്തിൽ യു.എസ് ഓപ്പണർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇതിനു മറുപടിയെന്നോണം ആദ്യ ഓവറിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ യു.എസ് ആദ്യ ഓവറിൽ സംപൂജ്യനാക്കി മടക്കി. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യക്ക് കുഞ്ഞൻമാരായ യു.എസ്.എ ഉയർത്തിയ വിജയലക്ഷ്യമായ 111 മറികടക്കാനായത് 19-ാം ഓവറിൽ മാത്രമാണ്.

സൂപ്പർ എട്ടിൽ പ്രവേശിക്കാനായെങ്കിലും നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പറയുന്നു. ഇവിടുത്തെ മത്സരങ്ങൾ കഴിഞ്ഞെന്നത് ബാറ്റർമാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ മൂന്ന് മത്സരങ്ങളിലും ജയിക്കാനായത് ടീമിന്‍റെ ആത്മവിശ്വാസം ഉയർത്തിയെന്നും രോഹിത് വ്യക്തമാക്കി. അയർലൻഡിനെതിരായ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ രോഹിത് അപ്രതീക്ഷിതമായി വന്ന ബൗൺസർ തോളിൽ കൊണ്ട് പരിക്കേറ്റാണ് ക്രീസ് വിട്ടത്.

ഓരോ മത്സരത്തിലും അപ്രവചനീയ സ്വഭാവം കാണിക്കുന്ന ഡ്രോപ് ഇൻ പിച്ചാണ് നാസൗ കൗണ്ടിയിലേത്. പന്തുകളുടെ ഗതി നിർണയിക്കുക പോലും പ്രയാസമാണ്. ഒരേ ലെങ്തിൽ വരുന്ന പന്തുകൾ പോലും പല രീതിയിലാവും ഉയർന്നു പൊങ്ങുക. അപ്രതീക്ഷിത ബൗൺസറുകളും ടേണിങ്ങും ബാറ്റർമാരുടെ കണക്കുകൂട്ടലുകളെ അപ്പാടെ തകർക്കും. ഒരു തരത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിലെ ‘കണ്ടംകളി’ക്ക് സമാനമായ സാഹചര്യമാണെന്നും പറയാം. പിച്ചിൽ കളിക്കുന്നത് എളുപ്പമല്ലെന്ന് ഐ.സി.സി പാനൽ കൂടി കണ്ടെത്തിയതോടെ സംഘാടകർക്കുനേരെ വ്യാപക വിമർശനമുയർന്നു.

പേസ് ബോളർമാരെ അകമഴിഞ്ഞു പിന്തുണച്ചതും ബൗണ്ടറി ലൈനിലേക്ക് സാധാരണ ട്വന്‍റി20 മത്സരങ്ങളിലേതിനേക്കാൾ ദൂരം കൂടിയതും ബാറ്റർമാർക്ക് വെല്ലുവിളിയായി. ചെറു ടീമുകളുടെ ബോളർമാർ പോലും മികച്ച പ്രകടനം പുറത്തെടുത്തതോടെ വമ്പൻ സ്കോർ നേടാമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയവർക്കെല്ലാം അടിതെറ്റി. റൺമഴ പെയ്യുമെന്ന് ആരാധകർ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബോളർമാർ വിക്കറ്റു കൊയ്യുന്ന കാഴ്ചയാണുണ്ടായത്. കളിക്കാർക്ക് പരിശീലന വേളയിലും പരിക്കേറ്റതോടെ ചില ക്രിക്കറ്റ് ബോർഡുകൾ അനൗദ്യോഗികമായി ഐ.സി.സിക്ക് പരാതി നൽകിയതായും റിപ്പോർട്ടുണ്ട്.

കണക്കുകളിങ്ങനെ


കളിച്ച മൂന്ന് മത്സരങ്ങളിൽ 327 റൺസുമായി ഇന്ത്യയാണ് ന്യൂയോർക്കിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയത്. 299 റൺസുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. അയർലൻഡിനെതിരെ കാനഡ നേടിയ 137 റൺസാണ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ. പാകിസ്താനെതിരെ നേടിയ 119 ആണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. പരാജയപ്പെടുമെന്ന് തോന്നിയ മത്സരത്തിൽ ആറ് റൺസിനാണ് ഇന്ത്യ ജയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക 77ന് പുറത്തായതാണ് ചെറിയ ടീം സ്കോർ. കഴിഞ്ഞ മത്സരത്തിൽ യു.എസ്.എക്കെതിരെ 111 റൺസ് പിന്തുടർന്ന് ജയിച്ചതും ഇവിടെ റെക്കോർഡാണ്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ നെതർലൻഡ്സിനെതിരെ പുറത്താകാതെ നേടിയ 59 റൺസാണ് സ്റ്റേഡിയത്തിലെ ഉയർന്ന വ്യക്തിഗത സ്കോർ. ഇന്ത്യൻ നായകൻ രോഹിത് ഉൾപ്പെടെ മറ്റ് നാലു പേർ കൂടി ഇവിടെ അർധ സെഞ്ച്വറി നേടിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ അഞ്ച് സിക്സറുകൾ നേടിയ മില്ലർ തന്നെയാണ് ഈ പട്ടികയിലും മുന്നിൽ. എട്ട് വിക്കറ്റുമായി ആന്റിച് നോർജെ സ്റ്റേഡിയത്തിലെ വിക്കറ്റു വേട്ടക്കാരിൽ ഒന്നാമനായി. ഇന്ത്യയുടെ അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഏഴ് വീതം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇനി കളി ഫ്ളോറിഡയിൽ


സൂപ്പർ എട്ടിൽ പ്രവേശിച്ച ഇന്ത്യ അപ്രധാനമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശനിയാഴ്ച കാനഡയെ നേരിടും. ഗ്രൂപ്പ് എയിൽ ബാക്കിയുള്ള മത്സരങ്ങൾ ഫ്ളോറിഡയിലാണ് നടക്കുന്നതെന്ന സവിശേഷതയുമുണ്ട്. സൂപ്പർ എട്ട്, സെമി, ഫൈനൽ മത്സരങ്ങൾക്ക് വെസ്റ്റിൻഡീസ് വേദിയാകും. അവസാന മത്സരത്തിൽ ജയിച്ച് സൂപ്പർ എട്ടിൽ പ്രവേശിക്കാമെന്ന കണക്കുകൂട്ടലിലാണ് പാകിസ്താനും യു.എസ്.എയും. ജയത്തോടെ ടൂർണമെന്റ് അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കാനഡയും അയർലൻഡും. പോരാട്ടം പുതിയ പിച്ചിലേക്കും സ്റ്റേഡിയത്തിലേക്കും മാറുമ്പോൾ ബാറ്റർമാർക്ക് മിന്നുന്ന പ്രകടനത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ടീമുകളും ഒപ്പം ആരാധകരും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamT20 World Cup 2024
News Summary - T20 World Cup 2024: New York leg over, batters breathe a sigh of relief
Next Story