അഫ്ഗാന്‍റെ കങ്കാരുവേട്ട; ട്വന്‍റി20 ലോകകപ്പിൽ ആസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം
text_fieldsകിങ്സ്റ്റൺ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലെ മത്സരത്തിൽ വമ്പന്മാരായ ആസ്ട്രേലിയയെ പരാജയപ്പെടുത്തി അഫ്ഗാനിസ്താൻ. 21 റൺസിനാണ് അഫ്ഗാനിസ്താന്‍റെ വിജയം. സ്കോർ: അഫ്ഗാനിസ്താൻ 148/6 (20 ഓവർ). ആസ്ട്രേലിയ 127ന് പുറത്ത് (19.2 ഓവർ).
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓപ്പണർ റഹ്മാനുല്ല ഗുർസാബ് (60), ഇബ്രാഹിം സർദ്രാൻ (51) എന്നിവരുടെ അർധസെഞ്ചുറിക്കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. അഫ്ഗാൻ നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് ഹാട്രിക് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആദം സാംപ രണ്ടും മാർകസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ റൺ പിറക്കും മുമ്പേ ഓപ്പണർ ട്രാവിസ് ഹെഡിനെ വീഴ്ത്തി അഫ്ഗാൻ ആദ്യ അടി നൽകി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (12), ഡേവിഡ് വാർണർ (മൂന്ന്) എന്നിവരും വേഗം മടങ്ങി. പിന്നീട് ഗ്ലെൻ മാക്സ്വെല്ലിന്‍റെ ഇന്നിങ്സ് ആസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 41 പന്തിൽ 59 റൺസെടുത്താണ് മാക്സ്വെൽ മടങ്ങിയത്. 10 ഓവറിൽ 71ന് മൂന്ന് വിക്കറ്റ് എന്ന ഭേദപ്പെട്ട നിലയിൽ നിൽക്കെ, പിന്നീട് ഓസീസ് വിക്കറ്റുകൾ ഒന്നൊന്നായി വീണു. മാർകസ് സ്റ്റോയിനിസ് (11), ടിം ഡേവിഡ് (2), മാത്യു വേഡ് (5) എന്നീ ബാറ്റർമാർ അതിവേഗം മടങ്ങിയപ്പോൾ ആസ്ട്രേലിയ പരാജയം മണത്തു. അഫ്ഗാൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിയുക കൂടി ചെയ്തതോടെ മത്സരം അഫ്ഗാനൊപ്പമായി. പാറ്റ് കമ്മിൻസ് മൂന്ന് റൺസെടുത്തും ആഷ്ടൺ ആഗർ രണ്ട് റൺസെടുത്തും മടങ്ങി.
അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 24 റൺസായിരുന്നു ആസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടത്. രണ്ടാം പന്തിൽ ആദം സാംപ (9) ഉമർസായിയുടെ പന്തിൽ മുഹമ്മദ് നബിക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ അഫ്ഗാൻ കാത്തിരുന്ന ജയം പൂർത്തിയാക്കി. ഗുലാബ്ദിൻ നയിബ് നാല് വിക്കറ്റും നവീനുൽ ഹഖ് മൂന്ന് വിക്കറ്റും നേടി. റാഷിദ് ഖാൻ, ഉമർസായി, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നാളെ ഇന്ത്യയുമായാണ് ആസ്ട്രേലിയയുടെ സൂപ്പർ എട്ടിലെ അവസാന മത്സരം. ഇതിൽ ഇന്ത്യയെ തോൽപ്പിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ആസ്ട്രേലിയക്ക് സെമിയിലെത്താം. ഇന്ത്യയോട് തോറ്റാലും ബംഗ്ലാദേശിനോട് അഫ്ഗാൻ പരാജയപ്പെട്ടാൽ മികച്ച റൺറേറ്റിന്റെ ബലത്തിൽ ഓസീസിന് അവസാന നാലിലെത്താം. ഇന്ത്യയോട് ആസ്ട്രേലിയ തോൽക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനോട് ജയിക്കുകയും ചെയ്താൽ സെമിയിലെത്തുന്നത് അഫ്ഗാൻ ആയിരിക്കും. മികച്ച റൺറേറ്റുള്ള ഇന്ത്യക്ക് ആസ്ട്രേലിയയോട് തോറ്റാലും സെമിയിലെത്താനാകും. സൂപ്പർ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്താൻ ചൊവ്വാഴ്ച ബംഗ്ലാദേശിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.