'കോഹ്‌ലി, നിങ്ങളുടെ മൗനം ഭയപ്പെടുത്തുന്നു'; ഷമിയ്‌ക്കെതിരായ വംശീയ ആക്രമണങ്ങളില്‍ പ്രതികരിക്കണമെന്ന് ആവശ്യം
text_fieldsപാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലെ തോല്‍വിയെചൊല്ലി മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതിഷേധം. ഷമിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്തെത്തണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു. പാകിസ്ഥാനെതിരായ മത്സരത്തിനുമുമ്പ് വംശീയ വിവേചനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടീം മുട്ടുകുത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സ്വന്തം ടീമംഗം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നും മിണ്ടാതിരുന്നിട്ട് ഇത്തരം പ്രതിഷേധങ്ങളില്‍ കാര്യമില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.
ഷമിക്കെതിരെ നടക്കുന്നത് ഇസ്‌ലാമോഫോബിക് ആയ വിദ്വേഷ പ്രചരണമാണെന്നും ഭരണകൂടത്തിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പ്രതികരിച്ചു. നിരവധിപേർ യൂറോ കപ്പിലെ ഇംഗ്ലണ്ട്, ഇറ്റലി മത്സരത്തിൽ സംഭവിച്ചതിനെ ഇന്ത്യ പാക് പോരാട്ടവുമായി താരതമ്യപ്പെടുത്തിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.
കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലണ്ട്, ഇറ്റലി മത്സരം പെനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. പെനാൾറ്റി കിക്ക് എടുത്ത റാഷ്ഫോർഡ്, സാഞ്ചോ, സാക്ക എന്നിവരുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയിരുന്നില്ല. മൂന്നുപേരും കറുത്ത വംശജരായിരുന്നു. മത്സര ശേഷം ഇംഗ്ലണ്ടിലെ ഒരു കൂട്ടം വംശീയവാദികൾ മൂന്ന് പേർക്കെതിരെയും സൈബർ അക്രമണം നടത്തി. സംഭവം വാർത്തയായ ഉടനെ ഇംഗ്ലണ്ട് ക്യാപ്റ്റനും ടീമും മൂന്ന് താരങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ പിന്തുണച്ച് ആയിരങ്ങൾ പൂക്കളുമായി തെരുവിലിറങ്ങി. ഇതേ മാതൃക ഇവിടേയും ഉണ്ടാകണമെന്നാണ് ചിലർ ആവശ്യപ്പെട്ടത്.
ഷമിയ്‌ക്കെതിരായ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് അജയ് കാമത്ത് കുറിച്ചത്. മത്സരശേഷം പാക് താരത്തെ ആശ്ലേഷിച്ച കോഹ്‌ലിയുടെ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഷമിയേയും ഇതുപോലെ ചേര്‍ത്തുനിര്‍ത്താന്‍ കോഹ്‌ലിയ്ക്കാകണമെന്നും സലില്‍ ത്രിപാഠി പറഞ്ഞു.
ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്ഥാനോട് കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. 'നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി'എന്നാണ് ഒരാൾ ചോദിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്.
ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയ്‌ക്കെതിരായ ആക്രമണം. ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുമ്പോൾ തന്നെ ഊഹിച്ചതാണ് മുഹമ്മദ് ഷമിയുടെ കാര്യമെന്നും സഹതാരം വംശീയ അക്രമണം നേരിട്ടാലും ഇന്ത്യൻ ക്രിക്കറ്റ് ടീമോ ടീമിൽ നിന്നൊരാളോ ഷമിക്ക് പിന്തുണയുമായി വരില്ലെന്നും കാരണം അയാൾ മുസ്ലിമാണെന്നും ഒരാൾ ഫേസ്ബുക്കിൽ കുറിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ ആകെയുള്ള ഹിന്ദു ലിറ്റൺ കുമാർ ദാസ് മാത്രമാണ്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.
ലിറ്റൺ ദാസ് ഹിന്ദുവാണെന്ന കാരണത്താൽ ഒരാളും വംശീയ അക്രമണം നടത്തിയിട്ടില്ല. ചാരനെന്ന് അധിക്ഷേപിച്ചിട്ടില്ല. ടീമിന്റെ പരാജയത്തിൽ ദാസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഹിന്ദുത്വ വർഗീയ വാദികളും മനുഷ്യരും തമ്മിലുള്ള വ്യത്യാസമാണത്'-കുറിപ്പ് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.