ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ
text_fieldsദുബൈ: ഏകദിനത്തിലും ടെസ്റ്റിലും കൈവശമുള്ള കിരീടം കാക്കാനിറങ്ങിയ വമ്പന്മാരുടെ പോരിൽ മധുരപ്രതികാരമായി ന്യൂസിലൻഡിന് ഫൈനൽ പ്രവേശം. ഏകദിന ലോകകപ്പ് ഫൈനലിൽ ബൗണ്ടറികളെണ്ണി കപ്പുമായി മടങ്ങിയവരെ ആധികാരിക ജയവുമായി മറികടന്നാണ് കിവികൾ അഞ്ചു വിക്കറ്റ് ജയവുമായി കിരീടത്തിലേക്ക് ഒരു കളിയകലെയെത്തിയത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് 18.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് പിടിച്ചത്.
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെതിരെ തുടക്കത്തിൽ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റുവീശിയത്. ജോസ് ബട്ലറും ജോണി ബെയർസ്റ്റോയും റണ്ണെടുക്കാൻ തിടുക്കം കാട്ടാതെ വിക്കറ്റ് കാത്തപ്പോൾ ആദ്യ അഞ്ചോവറിൽ സ്കോർബോർഡിൽ ചേർക്കാനായത് 37 റൺസ്. മിൽനെ എറിഞ്ഞ ആറാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. വില്യംസൺ എടുത്ത മനോഹര ക്യാച്ചിൽ 13 റൺസുമായി ബെയർസ്റ്റോ കൂടാരംകയറിയപ്പോൾ വൺഡൗണായി എത്തിയത് ഡേവിഡ് മലാൻ. ഒമ്പതാം ഓവറിൽ ബട്ലറും പവിലിയനിലെത്തി. 29 റൺസായിരുന്നു സമ്പാദ്യം. നാലാമനായി മുഈൻ അലി ക്രീസിൽ നിലയുറപ്പിച്ചതോടെ ഇംഗ്ലീഷ് ബാറ്റിങ് അതിവേഗ ഗിയറിലേക്ക് മാറി. അതുവരെയും കളി പിടിച്ച് തകർത്തെറിഞ്ഞ കിവി ബൗളിങ്ങിനെ ഇരുവരും ചേർന്ന് മൈതാനത്തിെൻറ എല്ലാ വശങ്ങളിലേക്കും പറത്തി. അതിനിടെ, 42 റൺസെടുത്ത മലാൻ മടങ്ങിയെങ്കിലും ലിവിങ്സ്റ്റോണിനെയും അവസാനം ഓയിൻ മോർഗനെയും ഒപ്പംനിർത്തി അർധ സെഞ്ച്വറിയുമായി മുഈൻ ഇംഗ്ലീഷ് ഇന്നിങ്സിെൻറ കപ്പിത്താനായി. 166 റൺസ് എന്ന മികച്ച ടോട്ടൽ ഉയർത്തിയായിരുന്നു ടീം 20 ഓവർ പൂർത്തിയാക്കിയത്. ഓരോ വിക്കറ്റെടുത്ത് ടിം സൗത്തി, ആദം മിൽനെ, ഇഷ് സോധി, ജെയിംസ് നീഷാം എന്നിവർ ന്യൂസിലൻഡ് നിരയിൽ മികവുകാട്ടി. ടൂർണമെൻറിൽ ഇതോടെ സൗത്തിയുടെ സമ്പാദ്യം എട്ടു വിക്കറ്റായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനെ വാഴാൻ വിടാതെയായിരുന്നു ഇംഗ്ലീഷ് ബൗളിങ് പ്രകടനം. ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ മാർട്ടിൻ ഗുപ്റ്റിൽ മടങ്ങി. മുഈൻ അലിക്കായിരുന്നു ക്യാച്ച്. പ്രതിരോധത്തിലായ കിവികളെ കൂടുതൽ കുരുക്കി മൂന്നാം ഓവറിൽ കെയിൻ വില്യംസണും വോക്സിെൻറ പന്തിൽ ആദിൽ റാശിദിന് ക്യാച്ച് നൽകി പവിലിയനിൽ. മുങ്ങുന്ന കപ്പലായി മാറിയ ടീമിനെ പതിയെ തിരികെയെത്തിച്ച് ഡാരിൽ മിച്ചലും ഡെവൺ കോൺവെയും നങ്കൂരമിട്ടുനിന്നതോടെ ന്യൂസിലൻഡ് കരകയറുമെന്ന് തോന്നിച്ചു. 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് മാത്രമായിരുന്ന ടീം മാർക് വുഡ് എറിഞ്ഞ തൊട്ടടുത്ത ഓവറിൽ 15 റൺസ് അടിച്ചെടുത്ത് പുതിയ തുടക്കമിട്ടു.
അടിച്ചും പിടിച്ചും മുന്നേറിയ കളി ഏതു വശത്തേക്കും മറിയുമെന്ന ഘട്ടത്തിൽ 14ാം ഓവറിൽ ഡെവൺ കോൺവെ മടങ്ങി. ലിവിങ്സ്റ്റോണിെൻറ പന്തിൽ ബട്ലർക്ക് ക്യാച്ച് നൽകുേമ്പാൾ അർധ സെഞ്ച്വറിക്കരികെ 46ലെത്തിയിരുന്നു കോൺവെ. പിന്നീടെത്തിയ െഗ്ലൻ ഫിലിപ്സും അതിവേഗം കൂടാരം കയറി.
തുടർന്നെത്തിയ ജെയിംസ് നീഷാമിനെ കൂട്ടുനിർത്തി വെടിക്കെട്ടു നടത്തിയ മിച്ചൽ ടീം സ്കോർ അതിവേഗം വിജയതീരത്തെത്തിച്ചു. 10 പന്ത് മാത്രം നേരിട്ട നീഷാം 26 റൺസ് എടുത്താണ് മടങ്ങിയത്. അതിനിടെ, ക്രിസ് ജോർഡൻ എറിഞ്ഞ ഓവറിൽ 20 റൺസ് എടുത്തും പിറകെ ആദിൽ റാശിദിനെ കണക്കിനു തല്ലിയും പുരോഗമിച്ച ന്യൂസിലൻഡ് ബാറ്റിങ് മിച്ചലിെൻറ (48 പന്തിൽ 73) കരുത്തിൽ അതിവേഗം വിജയം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.