ട്വന്റി 20 ലോകകപ്പ് ടീമിന് 11 കോടി നൽകുമെന്ന് മഹാരാഷ്ട്ര; സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കൂവെന്ന് പ്രതിപക്ഷം
text_fieldsമുംബൈ: ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 11 കോടി രൂപ നൽകാനുള്ള മഹാരാഷ്ട്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ വിമർശനം. കോൺഗ്രസും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ, പ്രതിപക്ഷ സഖ്യത്തുള്ള എൻ.സി.പി വിഷയത്തിൽ മൗനം പാലിച്ചു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ടീമിന് 11 കോടി നൽകുമെന്ന് അറിയിച്ചത്. രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശ്വസി ജയ്സ്വാൾ എന്നിവരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. എന്നാൽ, ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങളിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും പക്ഷേ ടീമിന് 11 കോടി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും കൊടുക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ഇക്കാര്യത്തിലെ പ്രതിപക്ഷത്തിന്റെ പ്രതികരണം.
പണം എന്തിനാണ് സർക്കാർ ഖജനാവിൽ നിന്നും എടുത്തുകൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിജയ് വാദേത്തിവാർ ചോദിച്ചു. ഖജനാവ് ശൂന്യമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ധൂർത്ത്. സ്വന്തം പോക്കറ്റിൽ പണം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
11 കോടി സർക്കാർ ഖജനാവിൽ നിന്നും കൊടുക്കേണ്ട ആവശ്യമില്ലെന്ന് ശിവസേന നേതാവ് അംബാസ് ഡാൻവെയും പറഞ്ഞു. ക്രിക്കറ്റ് താരങ്ങളുടെ നേട്ടത്തിൽ എല്ലാവർക്കും അഭിമാനമുണ്ട്. എന്നാൽ, അതിന് പണം കൊടുക്കേണ്ട ആവശ്യമില്ല. ഏക്നാഥ് ഷിൻഡെ സ്വന്തം പോക്കറ്റിൽ നിന്നും പണം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇടുങ്ങിയ മനസ്സ് ഉള്ളതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്നായിരുന്നു ബി.ജെ.പി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.