'പ്രതിഭാശാലിയായ ബൗളർ'; ശ്രീശാന്തിന് ആശംസയുമായി സചിൻ ടെണ്ടുൽക്കർ
text_fieldsന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിച്ച മലയാളി പേസർ എസ്. ശ്രീശാന്തിനെ പ്രതിഭാശാലിയായ ബൗളറെന്ന് വിശേഷിപ്പിച്ച് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ. 'ഒരുപാട് കഴിവുകളുള്ള പ്രതിഭാശാലിയായ ബൗളർ. ദീര്‍ഘനാള്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിൽ അഭിനന്ദനങ്ങള്‍. രണ്ടാം ഇന്നിങ്സിന് ആശംസകൾ'-സചിൻ ഇൻസ്റ്റഗ്രാമിലൂടെ ആശംസിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഏറെക്കാലം ഒരുമിച്ച് കളിച്ച് ശ്രീക്ക് മുൻതാരങ്ങൾ ആരും ആശംസകൾ അറിയിക്കാത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സചിന്‍റെ പോസ്റ്റ്.
'ഈ തീരുമാനം എന്‍റേത് മാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന തീരുമാനമല്ല ഇതെന്ന് അറിയാമെങ്കിലും, ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിതെന്ന് കരുതുന്നു' - ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി ശ്രീശാന്ത് പറഞ്ഞു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു.
ഇന്ത്യയുടെ 2007 (ട്വന്‍റി20), 2011 ലോകകപ്പ് വിജയങ്ങളിൽ ശ്രീശാന്ത് പങ്കാളിയായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരം 87 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്‍റി20 മത്സരങ്ങളിൽ നിന്ന് ഏഴുവിക്കറ്റും നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ 40 വിക്കറ്റുകളാണ് (44 മത്സരങ്ങൾ) സമ്പാദ്യം.
2005 ഒക്ടോബറിൽ ശ്രീലങ്കക്കെതിരെയായിരുന്നു ശ്രീശാന്തിന്‍റെ ആദ്യ ഏകദിനം. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിലും അരങ്ങേറി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടത്തിലും (2007ലെ ടി-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായ താരമാണ് ശ്രീശാന്ത്. ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ ഭാഗമായും ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.
2013 മെയ് 16ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബി.സി.സി.ഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇത് ശ്രീശാന്തിന്‍റെ കരിയറിന് കനത്ത തിരിച്ചടിയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.