വിജയലക്ഷ്യം 91; ഇന്ത്യ മൂന്നിന് 58
text_fieldsനാഗ്പുർ: മഴയിൽ ഗ്രൗണ്ട് ഉണങ്ങാത്തതിനാൽ വൈകി തുടങ്ങിയ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 91 റൺസ് വിജയലക്ഷ്യം. നാഗ്പുർ ജംതയിലെ വി.സി.എ സ്റ്റേഡിയത്തിൽ ഏഴുമണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം 9.30നാണ് തുടങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചോവറിൽ മൂന്നിന് 58 എന്ന നിലയിലാണ്. 15 പന്തിൽ 32 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയും രണ്ട് പന്തിൽ അത്രയും റൺസുമായി ഹാർദിക് പാണ്ഡ്യയുമാണ് ക്രീസിൽ. ഓപണർ കെ.എൽ. രാഹുൽ ആറ് പന്തിൽ പത്തും വിരാട് കോഹ്‍ലി ആറ് പന്തിൽ 11ഉം റൺസെടുത്ത് പുറത്തായി.
എട്ടോവർ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ടോവറിൽ അഞ്ച് വിക്കറ്റിനാണ് ഓസീസ് 90 റൺസെടുത്തത്. 20 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ മാത്യു വെയ്ഡാണ് ആസ്ട്രേലിയയുടെ ടോപ്സ്കോറർ. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 31 റൺസെടുത്തു. അക്സർ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രണ്ട് ഫോറുകൾ നേടി. എന്നാൽ, രണ്ടാം ഓവറിൽ വിരാട് കോഹ്‍ലിയുടെ മിന്നൽ ഫീൽഡിങ്ങിൽ കാമറോൺ ഗ്രീൻ (അഞ്ച്) പുറത്തായി. അക്സർ പട്ടേൽ എറിഞ്ഞ ഇതേ ഓവറിലെ അവസാന പന്തിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ (പൂജ്യം) കുറ്റിതെറിച്ചു. നാലാം ഓവറിൽ അക്സർ പട്ടേൽ വീണ്ടും അന്തകനായി. ടിം ഡേവിഡിന്റെ (രണ്ട്) മിഡിൽസ്റ്റംപാണ് തെറിച്ചത്. ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറക്കാണ് ഫിഞ്ചിന്റെ വിക്കറ്റ്. ആ്വതിഥേയർക്കായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറിന് പകരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇറങ്ങി.
കാണികൾ വൈകീട്ട് നാലു മുതൽ തന്നെ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാൽ, നേരത്തേ പെയ്ത മഴ കാരണം ടോസ് വൈകി. ഏഴു മണിക്ക് ഫീൽഡ് അമ്പയർമാരായ കെ.എൻ. അനന്തപത്മനാഭനും നിതിൻ മേനോനും ഫോർത്ത് അമ്പയർ അനിൽ ചൗധരിയും പിച്ച് പരിശോധിച്ചു. പിന്നീട് ഇരു ടീമിന്റെയും ക്യാപ്റ്റന്മാരുമായി ചർച്ച നടത്തി. എട്ടു മണിക്ക് വീണ്ടും പരിശോധിക്കാനായിരുന്നു തീരുമാനം. ഇതിനിടയിൽ ഗ്രൗണ്ട് സ്റ്റാഫ് ഔട്ട്ഫീൽഡ് ഉണക്കാനുള്ള കഠിനശ്രമത്തിലായിരുന്നു.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും നാഗ്പുരിൽ മഴ പെയ്തിരുന്നു. കൃത്യമായി മൂടാതിരുന്നതിനാൽ വെള്ളം കെട്ടിനിന്നതാണ് വിനയായത്.
പിന്നീട് 8.50ന് വീണ്ടും പരിശോധിച്ചാണ് എട്ടോവർ മത്സരം നടത്താൻ തീരുമാനിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.