ഐ.പി.എൽ സ്പോൺസർഷിപ് വിവോക്ക് ബൈ; ഇനി ടാറ്റ
text_fieldsമുംബൈ: 17 മാസത്തിനിടെ രണ്ടാമതും ഐ.പി.എൽ സ്പോൺസർഷിപ് വിട്ട് ചൈനീസ് മൊബൈൽ കമ്പനി വിവോ. ഇത്തവണ പക്ഷേ, മടക്കം പൂർണമാണ്. പകരം ഇന്ത്യൻ വ്യവസായലോകത്തെ അതികായരായ ടാറ്റ ഗ്രൂപ് അടുത്ത രണ്ടു വർഷത്തേക്ക് ടൈറ്റിൽ സ്പോൺസർമാരാകും.
ചൈനയുമായി അതിർത്തി സംഘർഷം മൂർധന്യത്തിലെത്തിയ ഘട്ടത്തിൽ 2020 സീസൺ മത്സരങ്ങൾക്ക് തൊട്ടുമുമ്പായിരുന്നു വിവോ ആദ്യം പിന്മാറിയത്. ഡ്രീം ഇലവൻ പകരക്കാരുടെ കുപ്പായത്തിലെത്തി-220 കോടിക്കായിരുന്നു അന്ന് കരാർ. 2022 സീസണിൽ പക്ഷേ, കൂടുതൽ കരുത്തരായ ടാറ്റ എത്തുന്നത് ബി.സി.സി.ഐക്ക് ആശ്വാസമാകും. രണ്ടു വർഷത്തേക്ക് 670 കോടിയാണ് ടാറ്റ നൽകുക. ഒരു വർഷം ബാക്കിനിൽക്കെ കരാർ അവസാനിപ്പിക്കുന്ന വകയിൽ 454 കോടി വിവോയും നൽകും. ഇതോടെ രണ്ടു വർഷത്തേക്ക് 1124 കോടി കൈയിലെത്തുന്ന ബി.സി.സി.ഐക്ക് ഇരട്ടി സന്തോഷമാകും.
2199 കോടി നൽകി 2017ലാണ് വിവോ ഐ.പി.എൽ സ്പോൺസർഷിപ് ഏറ്റെടുക്കുന്നത്. ഓരോ സീസണിലും 440 കോടിയെന്ന നിരക്കിൽ അഞ്ചു വർഷത്തേക്കായിരുന്നു കരാർ. 396 കോടി വീതം നൽകി അതുവരെയും ഉണ്ടായിരുന്ന പെപ്സിയെ വെട്ടിയായിരുന്നു ചൈനീസ് ഇലക്ട്രോണിക്സ് ഭീമൻ ബി.ബി.കെ ഇലക്ട്രോണിക്സിനു കീഴിലെ വിവോ എത്തുന്നത്. ഇതേ കമ്പനിക്കു കീഴിലെ ഓപ്പോയും കൂടെയുണ്ടായിരുന്നെങ്കിലും 2019ൽ ബൈജൂസിന് കൈമാറി അവർ രംഗംവിട്ടു. രണ്ടു വർഷത്തിനിടെ ആദ്യമായാണ് ഓൺലൈൻ വിദ്യാഭ്യാസ-ഓൺലൈൻ ഗെയിം രംഗത്തെയല്ലാത്ത ഒരു കമ്പനിയെ ഐ.പി.എൽ സ്പോൺസർമാരായി ലഭിക്കുന്നത്.
സ്പോൺസർഷിപ് തുകയുടെ പകുതി ബി.സി.സി.ഐ സൂക്ഷിക്കുമ്പോൾ അവശേഷിച്ച തുക 10 ടീമുകൾക്കിടയിൽ വീതിച്ചുനൽകും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കളികളുണ്ടാകും. 60 ആയിരുന്നത് 74 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.