ഇന്ത്യൻ ടീം ബാർബഡോസിൽ; ട്വന്‍റി20 ലോകകപ്പ് ഫൈനൽ നാളെ; ലക്ഷ്യം രണ്ടാം കിരീടം
text_fieldsബ്രിഡ്ജ് ടൗൺ: ട്വന്‍റി20 ലോകകപ്പ് കലാശപ്പോരിനായി രോഹിത്ത് ശർമയും സംഘവും കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിലെത്തി. ബ്രിഡ്ജ് ടൗണിലെ കെൻസിങ് ടൗൺ ഓവലിൽ ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും സെമിയും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. പത്തു വർഷത്തിനുശേഷം ഫൈനൽ കളിക്കുന്ന ഇന്ത്യ തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപിച്ചാണ് ഇന്ത്യയുടെ വരവ്. 2014 ട്വന്‍റി20 ലോകകപ്പിലാണ് മെൻ ഇൻ ബ്ലൂ അവസാനമായി ഫൈനൽ കളിച്ചത്. അന്ന് ആറു വിക്കറ്റിന് ശ്രീലങ്കക്ക് മുന്നിൽ ഇന്ത്യക്ക് കാലിടറി. സെമിയിൽ അട്ടിമറിവീരന്മാരായ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകർത്താണ് പ്രോട്ടീസിന്‍റെ ഫൈനൽ പ്രവേശനം.
ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ കാത്തിരിപ്പിന് ഇത്തവണയെങ്കിലും അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീമും ആരാധകരും. 2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ഒരു പ്രധാന ടൂർണമെന്‍റിൽ കിരീടം സ്വന്തമാക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയിൽ 2007ൽ നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയാണ് ജേതാക്കളായത്.
ബാർബഡോസ് വിമാനത്താവളത്തിൽനിന്ന് ഇന്ത്യൻ താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുകളും പുറത്തുവരുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിലെ കന്നി കീരിടമാണ് പ്രോട്ടീസിന്‍റെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ഫൈനൽ കളിക്കുന്നതും ആദ്യമാണ്. അതേസമയം, ഫൈനൽ ദിനത്തിൽ ബ്രിഡ്ജ് ടൗണിൽ മഴ ഭീഷണിയും നിലനിൽക്കുന്നുണ്ട്. മഴ പെയ്യാൻ ഉയർന്ന സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴമൂലം മത്സരം തടസ്സപ്പെടുകയാണെങ്കിൽ 30ന് റിസർവ് ദിനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.