ഈ നിലയിൽ ഇന്ത്യയെ തോൽപ്പിക്കുക അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് റിക്കി പോണ്ടിങ്
text_fieldsന്യൂഡൽഹി: ഏത് സമ്മർദ്ദത്തിലും പിടിച്ചുനിൽക്കാൻ കെൽപ്പുള്ള ഇന്ത്യയുടെ ഇപ്പോഴെത്തെ ടീമിനെ തോൽപ്പിക്കുക അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് പറഞ്ഞു.
ഏകദിന ലോകകപ്പിൽ ആസ്ട്രേലിയ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ ടീമുകൾക്കെതിരെ വ്യക്തമായ മാർജിനിൽ ജയിച്ചു കയറിയ ടീം ഇന്ത്യ പോയിൻറ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്.
"ഞാൻ തുടക്കം മുതൽ പറഞ്ഞു, അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാനുള്ള കരുത്തുണ്ട്. അവരുടെ ഫാസ്റ്റ് ബൗളിംഗ്, അവരുടെ സ്പിൻ, അവരുടെ ടോപ്പ് ഓർഡർ, മിഡിൽ എന്നിവയിലെല്ലാം ശക്തമായ ഒരു അടിത്തറയുണ്ട്." - പോണ്ടിങ് പറഞ്ഞു.
"അവരെ തോൽപ്പിക്കാൻ വളരെ പ്രയാസമായിരിക്കും. എന്നാൽ കടുത്ത സമ്മർദ്ദത്തിലും അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് നമുക്ക് നോക്കാം," പോണ്ടിംഗ് പറഞ്ഞു.
അഹമ്മദാബാദിൽ ചിരവൈരികളായ പാകിസ്താനെതിരായ മത്സരത്തിൽ 117 പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റിന്റെ വൻ വിജയമാണ് സ്വന്തമാക്കിയത്. 155/2 എന്ന നിലയിൽ നിന്ന് 191 എന്ന നിലയിൽ ഓൾഔട്ടായ പാകിസ്താന്റെ എട്ട് വിക്കറ്റുകൾ നിലംപൊത്തിയത് 36 റൺസെടുക്കുന്നതിനിടെയാണ്.
ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെയും പോണ്ടിങ് പുകഴ്ത്തി. "രോഹിത്, അവൻ വളരെ ശാന്തനാണ്, അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വളരെ ശാന്തനാണ്. അവൻ കളിക്കുന്ന രീതിയിൽ പോലും നിങ്ങൾക്ക് അത് കാണാൻ കഴിയും."
അതേ സമയം, സ്വന്തം കാണികൾക്ക് മുന്നിൽ ഇന്ത്യയുടെ സമ്മർദ്ദം ഉയരാൻ ഒരു മോശം കളി മതിയെന്ന് പോണ്ടിംഗ് മുന്നറിയിപ്പും നൽകി.
വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ശക്തമായ ടീമുകൾക്കെതിരായ മത്സരങ്ങൾ വരാനിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.